തിരുവനന്തപുരം : സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ച 'പ്രിയദർശിനി' പദ്ധതി നൂറു ദിവസം പൂർത്തിയാക്കുന്ന നാളെ കെ.എസ്.ആർ.ടി.സി സാരി വിതരണ...
തിരുവനന്തപുരം : സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ച 'പ്രിയദർശിനി' പദ്ധതി നൂറു ദിവസം പൂർത്തിയാക്കുന്ന നാളെ കെ.എസ്.ആർ.ടി.സി സാരി വിതരണം നടത്തുന്നുവെന്ന വാർത്ത വ്യാജമാണെന്ന് കെ.എസ്.ആർ.ടി.സി സി.എം.ഡി ഡോ. പി.എസ്. പ്രമോജ് ശങ്കർ അറിയിച്ചു.
എല്ലാ ജില്ലകളിലും ഡിപ്പോകൾ കേന്ദ്രീകരിച്ച് സാരി വിതരണം നടത്തുമെന്നും തമ്പാനൂരിൽ ഗതാഗത മന്ത്രി സി.പി. ജോൺ ഉദ്ഘാടനം ചെയ്യുമെന്നുമുള്ള തരത്തിൽ പുറത്തുവന്ന വാർത്തകൾ തെറ്റാണെന്നും ആഘോഷപരിപാടി മാത്രം നടത്താനാണ് നിർദ്ദേശമെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
ഇത്തരത്തിൽ വാർത്ത പ്രചരിപ്പിച്ചതിൽ മന്ത്രി കെ.എസ്.ആർ.ടി.സി എം.ഡിയെ ഉൾപ്പെടെ കടുത്ത അതൃപ്തി അറിയിക്കുകയും, പദ്ധതിയുടെ ശോഭ കെടുത്തുന്നതിനുള്ള ഈ പ്രചാരണത്തിന് പിന്നിൽ ആരാണെന്ന് കണ്ടെത്താൻ നിർദ്ദേശിക്കുകയും ചെയ്തു.
സെപ്റ്റംബർ 22-ന് 100 ദിവസം പൂർത്തിയാക്കുന്ന 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിയുടെ ജൂൺ 15 മുതൽ സെപ്റ്റംബർ 19 വരെയുള്ള 97 ദിവസത്തെ കണക്കുകൾ പ്രകാരം 12.54 കോടി സൗജന്യ യാത്രകളാണ് നടന്നത്.
ഈ കാലയളവിൽ 266.53 കോടി രൂപയുടെ ടിക്കറ്റുകളാണ് യാത്രക്കാർക്ക് സൗജന്യമായി നൽകിയത്. പ്രതിദിനം ശരാശരി 12.93 ലക്ഷം പേർ ഉപയോഗപ്പെടുത്തുന്ന ഈ പദ്ധതിയിൽ, ഏറ്റവും ഉയർന്ന പ്രതിദിന കണക്ക് രേഖപ്പെടുത്തിയത് സെപ്റ്റംബർ 7-നാണ് (15,52,761 യാത്രക്കാർ, ടിക്കറ്റ് മൂല്യം 3.29 കോടി രൂപ).
നൂറാം ദിനാഘോഷത്തിന്റെ ഭാഗമായി ചൊവ്വാഴ്ച രാവിലെ 10-ന് ഗതാഗത മന്ത്രി സി.പി. ജോൺ തമ്പാനൂർ ഡിപ്പോ സന്ദർശിക്കുകയും, തുടർന്ന് ജീവനക്കാർ യാത്രക്കാർക്ക് മധുരം വിതരണം ചെയ്യുകയും ചെയ്യും.
അന്നേ ദിവസം വൈകുന്നേരം 7.30-ന് തമ്പാനൂർ ചൈത്രം ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ, കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെല്ലിന്റെ ലക്ഷദ്വീപ് ഹൈദരാബാദ് ലക്ഷ്വറി പാക്കേജ് സർവീസുകളുടെയും, പുതിയ സോഫ്റ്റ്‌വെയർ,വെയ്റ്റിംഗ് ലിസ്റ്റ് സംവിധാനം എന്നിവയുടെയും ഔദ്യോഗിക ഉദ്ഘാടനവും മന്ത്രി നിർവഹിക്കും.
Key Words : KSRTC, Sarees, MD Dr. P.S. Pramoj Shankar, Priyadarshini

COMMENTS