ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ (സി.ഇ.സി) ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യവ്യാപകമായി വൻ പ്രതിഷേധം. വോട്ടർപട്ടിക പുതുക്കലു...
ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ (സി.ഇ.സി) ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യവ്യാപകമായി വൻ പ്രതിഷേധം. വോട്ടർപട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് കമ്മീഷനിലെ മറ്റ് രണ്ട് അംഗങ്ങളുടെ വിയോജിപ്പുകൾ അവഗണിച്ച് അദ്ദേഹം ഏകപക്ഷീയമായി തീരുമാനങ്ങൾ എടുത്തെന്ന മാധ്യമ റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിപക്ഷ പാർട്ടികളും വിവിധ സംഘടനകളും തെരുവിലിറങ്ങിയത്.
ഡൽഹി, ബിഹാർ, അസം, ജമ്മു കശ്മീർ, തെലങ്കാന, ചണ്ഡീഗഡ്, മണിപ്പൂർ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ പ്രതിഷേധം വൻ സംഘർഷത്തിൽ കലാശിച്ചു. രാജ്യതലസ്ഥാനമായ ഡൽഹിയിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്കും ജന്തർ മന്തറിലേക്കും മാർച്ച് ചെയ്ത പ്രതിഷേധക്കാരെ കിലോമീറ്ററുകൾക്ക് മുന്നേ പൊലീസ് ബാരിക്കേഡുകൾ വെച്ച് തടഞ്ഞു. ഇവിടെ പൊലീസും സമരക്കാരും തമ്മിൽ രൂക്ഷമായ ഉന്തും തള്ളുമുണ്ടായി.
ഡൽഹിയിൽ വെച്ച് രാഷ്ട്രീയ പ്രവർത്തകനായ യോഗേന്ദ്ര യാദവ്, സി.പി.ഐ (എം.എൽ) ജനറൽ സെക്രട്ടറി ദീപങ്കർ ഭട്ടാചാര്യ, ഐസ (AISA) ദേശീയ പ്രസിഡന്റ് നേഹ ബോറ തുടങ്ങിയ പ്രമുഖ നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു.വിവിധ സംസ്ഥാനങ്ങളിൽ മാർച്ചിന് നേരെ പൊലീസ് കടുത്ത നടപടികളാണ് സ്വീകരിച്ചത്. ബിഹാറിലെ പട്നയിലും ചണ്ഡീഗഡിലും കോൺഗ്രസ് പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
മണിപ്പൂരിൽ പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസിന് കണ്ണീർവാതകം പ്രയോഗിക്കേണ്ടി വന്നു. അസമിൽ പ്രതിഷേധ മാർച്ചിന് നേതൃത്വം നൽകിയ കോൺഗ്രസ് എം.പി ഗൗരവ് ഗൊഗോയിയെയും, ജമ്മുവിൽ വച്ച് എം.പി സയ്യിദ് നാസിർ ഹുസൈനെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വോട്ടർപട്ടിക പുനഃപരിശോധനയിൽ വലിയ രീതിയിലുള്ള ക്രമക്കേടുകൾ നടന്നതായും, ജനാധിപത്യപരമായ ചട്ടങ്ങൾ ലംഘിച്ച ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യണമെന്നുമാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. എന്നാൽ ഭരണഘടനാ സ്ഥാപനങ്ങൾക്കുള്ളിൽ അഭിപ്രായവ്യത്യാസങ്ങൾ സ്വാഭാവികമാണെന്നും വോട്ടർപട്ടിക പുതുക്കലുമായി ബന്ധപ്പെട്ട അന്തിമ തീരുമാനങ്ങൾ ഏകകണ്ഠമായാണ് കൈക്കൊണ്ടതെന്നുമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം.
Key Words : Nationwide Protest, Gyanesh Kumar

COMMENTS