ന്യൂഡൽഹി: ജവഹർലാൽ നെഹ്‌റു സർവകലാശാലയിലെ (ജെഎൻയു) മുതിർന്ന പ്രഫസർക്കെതിരെ ഗുരുതരമായ ലൈംഗിക അതിക്രമ ആരോപണവുമായി 11 വിദ്യാർഥിനികൾ രംഗത്ത്. പരീക...
ന്യൂഡൽഹി: ജവഹർലാൽ നെഹ്‌റു സർവകലാശാലയിലെ (ജെഎൻയു) മുതിർന്ന പ്രഫസർക്കെതിരെ ഗുരുതരമായ ലൈംഗിക അതിക്രമ ആരോപണവുമായി 11 വിദ്യാർഥിനികൾ രംഗത്ത്. പരീക്ഷകളിൽ കൂടുതൽ മാർക്ക് നൽകാമെന്ന് വാഗ്ദാനം ചെയ്ത് അധ്യാപകൻ തങ്ങളെ ലൈംഗിക ആവശ്യങ്ങൾക്ക് വഴങ്ങാൻ പ്രേരിപ്പിച്ചെന്നാണ് വിദ്യാർഥിനികളുടെ പരാതി. സംഭവത്തിൽ സർവകലാശാലയുടെ ആഭ്യന്തര പരാതി പരിഹാര സമിതി (ICC) വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മേയ് മാസത്തിൽ നടന്ന വൈവ പരീക്ഷയ്ക്കിടെയുണ്ടായ ദുരനുഭവം ഒരു വിദ്യാർഥിനി സഹപാഠികളുടെ ഔദ്യോഗികമല്ലാത്ത വാട്സാപ്പ് ഗ്രൂപ്പിൽ പങ്കുവെച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്. തുടർന്ന് സമാനമായ അനുഭവം നേരിട്ട മറ്റ് 10 വിദ്യാർഥിനികൾ കൂടി ഒന്നിച്ച് അധ്യാപകനെതിരെ സർവകലാശാല ഐസിസിക്ക് ഔദ്യോഗികമായി പരാതി നൽകുകയായിരുന്നു. ക്ലാസ് മുറികളിൽ വെച്ച് നിരന്തരം അശ്ലീല പരാമർശങ്ങൾ നടത്തുക, കാമ്പസിലെ ഔദ്യോഗിക വസതിയിൽ നടക്കുന്ന ഒത്തുകൂടലുകളിലേക്ക് ക്ഷണിച്ചുവരുത്തി ലൈംഗിക താല്പര്യത്തോടെ പെരുമാറുക തുടങ്ങിയ ഗുരുതര ആരോപണങ്ങളും വിദ്യാർഥിനികൾ ഉന്നയിച്ചിട്ടുണ്ട്.
പരാതി നൽകിയതിന് തൊട്ടുപിന്നാലെ സർവകലാശാലയ്ക്ക് അവധിക്കാലം ആരംഭിച്ചതിനാൽ നടപടികൾ വൈകിയിരുന്നു. എന്നാൽ ജൂലൈയിൽ ക്ലാസുകൾ പുനരാരംഭിച്ചതോടെ മുതിർന്ന വിദ്യാർഥികൾ ഉൾപ്പെടെ കൂടുതൽ പേർ പരാതിക്കാർക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. നിലവിൽ ഐസിസി പരാതിക്കാരായ വിദ്യാർഥിനികളുടെ വിശദമായ മൊഴികൾ രേഖപ്പെടുത്തിവരികയാണ്. ആഭ്യന്തര അന്വേഷണ സമിതിയുടെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ അധ്യാപകനെതിരെ ഡൽഹി പൊലീസിൽ എഫ്‌ഐആർ (FIR) രജിസ്റ്റർ ചെയ്യുന്നതുൾപ്പെടെയുള്ള കർശനമായ നിയമനടപടികളിലേക്ക് സർവകലാശാല കടക്കുമെന്നാണ് സൂചന.
Key Words : Complaint, JNU Professor, Investigation

COMMENTS