ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഭരണത്തലവനെന്ന നിലയിൽ പൊതുപദവികളിൽ കാൽനൂറ്റാണ്ട് പൂർത്തിയാക്കുന്നതിന്റെ ഭാഗമായി രാജ്യവ്യാപകമായി വിപുലമാ...
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഭരണത്തലവനെന്ന നിലയിൽ പൊതുപദവികളിൽ കാൽനൂറ്റാണ്ട് പൂർത്തിയാക്കുന്നതിന്റെ ഭാഗമായി രാജ്യവ്യാപകമായി വിപുലമായ ജനസമ്പർക്ക പരിപാടികൾ സംഘടിപ്പിക്കാൻ ഭാരതീയ ജനതാ പാർട്ടി. 2001 ഒക്ടോബർ 7-ന് ഗുജറാത്ത് മുഖ്യമന്ത്രിയായി നരേന്ദ്ര മോദി ആദ്യമായി അധികാരമേറ്റതിന്റെ 25-ാം വാർഷികമാണ് ബിജെപി ദേശീയതലത്തിൽ വിപുലമായ ക്യാമ്പയിനുകളോടെ ആഘോഷിക്കുന്നത്.
'ആശിർവാദ് കാ ദിയ', 'സേവ സങ്കൽപ് അഭിയാൻ' എന്നീ പേരുകളിൽ ഒരു മാസം നീണ്ടുനിൽക്കുന്ന വിപുലമായ പരിപാടികളാണ് പാർട്ടി ഇതിനായി ആവിഷ്കരിച്ചിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ജന്മദിനമായ സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 17 വരെയാണ് കേന്ദ്ര-സംസ്ഥാന തലങ്ങളിൽ ആഘോഷങ്ങൾ നടക്കുകയെന്ന് ബിജെപി നേതൃത്വം അറിയിച്ചു. ബിജെപി ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്‌ഡെയാണ് ക്യാമ്പയിന്റെ ദേശീയ കൺവീനർ.
ക്യാമ്പയിന്റെ ഭാഗമായി സെപ്റ്റംബർ 17-ന് വൈകിട്ട് രാജ്യവ്യാപകമായി വീടുകളിലും പൊതുസ്ഥലങ്ങളിലും ദീപം തെളിയിക്കുന്ന 'ആശിർവാദ് കാ ദിയ' പദ്ധതി നടപ്പിലാക്കും. കേന്ദ്ര സർക്കാരിന്റെ വിവിധ ക്ഷേമപദ്ധതികളുടെ ഗുണഭോക്താക്കളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്ന ഈ ചടങ്ങിൽ 'വികസിത് ഭാരത് 2047' ലക്ഷ്യമിട്ടുള്ള പ്രതിജ്ഞയും ചൊല്ലും.തുടർന്ന് ഒരു മാസം നീളുന്ന 'സേവ സങ്കൽപ് അഭിയാൻ' പരിപാടികളിൽ രക്തദാന ക്യാമ്പുകൾ, ശുചീകരണ യജ്ഞങ്ങൾ, വൃക്ഷത്തൈ നടീൽ, സൗജന്യ ആരോഗ്യ ക്യാമ്പുകൾ എന്നിവ രാജ്യത്തുടനീളം സംഘടിപ്പിക്കും.
ഇതിനുപുറമെ, സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് വികസിത ഭാരതം എന്ന വിഷയത്തിൽ മത്സരങ്ങളും യുവജനങ്ങളെ അണിനിരത്തി ബൈക്ക് റാലികളും തെരുവ് നാടകങ്ങളും അരങ്ങേറും.കഴിഞ്ഞ 25 വർഷത്തെ നരേന്ദ്ര മോദിയുടെ ഭരണനേട്ടങ്ങളും ക്ഷേമപദ്ധതികളും ജനങ്ങളിലേക്ക് നേരിട്ടെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബിജെപി ഈ വൻ പ്രചാരണ പരിപാടിക്ക് രൂപം നൽകിയിരിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിലെ അങ്കണവാടികൾ കേന്ദ്രീകരിച്ച് കുട്ടികൾക്കും അമ്മമാർക്കുമായി പ്രത്യേക ആരോഗ്യ പരിപാടികളും ഈ കാലയളവിൽ സംഘടിപ്പിക്കും.
Key Words : Narendra Modi, BJP

COMMENTS