ഗുവാഹത്തി: ആസാമിലെ ഗുവാഹത്തിയിൽ ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി ഫ്രിജിൽ സൂക്ഷിച്ച സംഭവത്തിൽ ഭർത്താവ് രാമാനുജ് ഗോസ്വാമിയ...
ഗുവാഹത്തി: ആസാമിലെ ഗുവാഹത്തിയിൽ ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി ഫ്രിജിൽ സൂക്ഷിച്ച സംഭവത്തിൽ ഭർത്താവ് രാമാനുജ് ഗോസ്വാമിയെ കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടു. 25-കാരിയായ റിയ താലൂക്ദാർ ഗോസ്വാമിയാണ് കൊല്ലപ്പെട്ടത്. പ്രതിയായ രാമാനുജ് ഗോസ്വാമി ഹതിഗാവ് പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി കീഴടങ്ങുകയായിരുന്നു.
ഗുവാഹത്തിയിലെ ബെൽറ്റോള ബസിസ്തപൂർ പ്രദേശത്തെ വാടക ഫ്ലാറ്റിലാണ് നാടിനെ നടുക്കിയ ഈ ക്രൂരകൃത്യം നടന്നത്. ദമ്പതികൾ താമസിച്ചിരുന്ന മുറിയിൽ നിന്നും ദുർഗന്ധം വമിച്ചതിനെ തുടർന്ന് അയൽവാസികൾ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് സ്ഥലത്തെത്തി നടത്തിയ തിരച്ചിലിലാണ് റിയയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം രണ്ട് കഷണങ്ങളാക്കിയ നിലയിലായിരുന്നു. റിയയുടെ തല വെട്ടിമാറ്റിയ നിലയിൽ കറുത്ത പ്ലാസ്റ്റിക് കവറിലാക്കി ഫ്രിജിനുള്ളിൽ ഒളിപ്പിച്ച നിലയിലും, വിരലുകൾ മുറിച്ചുമാറ്റിയ നിലയിലുമായിരുന്നു.
സെപ്റ്റംബർ 3-ന് രാവിലെ ഇരുവരും തമ്മിലുണ്ടായ കടുത്ത തർക്കത്തിനൊടുവിലാണ് കൊലപാതകം നടത്തിയതെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. റിയയ്ക്ക് മറ്റൊരാളുമായി അവിഹിതബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. ആറുമാസം മുൻപായിരുന്നു ഇവരുടെ വിവാഹം. ഫാൻസി ബസാറിലെ ഒരു ബോട്ടിക്കിൽ ജീവനക്കാരിയായിരുന്നു റിയ. ക്യാബ് ഡ്രൈവറായ രാമാനുജ് ഗോസ്വാമി ലഹരിക്ക് അടിമയായിരുന്നുവെന്നും പൊലീസ് പറയുന്നു.
താൻ ചെയ്ത ക്രൂരതയിൽ തനിക്ക് യാതൊരുവിധ പശ്ചാത്താപവുമില്ലെന്നാണ് കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടെ പ്രതി മാധ്യമങ്ങളോട് പ്രതികരിച്ചത്. സംഭവസ്ഥലത്തുനിന്ന് കൊലപാതകത്തിന് ഉപയോഗിച്ച ആയുധവും രക്തക്കറയും ഫോറൻസിക് സംഘം കണ്ടെടുത്തു. കേസിൽ സി.ഐ.ഡിയും ഫോറൻസിക് വിദഗ്ധരും ചേർന്ന് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
Key Words : Arrest, Murder

COMMENTS