ന്യൂഡൽഹി: ലൈഫ് ഇൻഷുറൻസ് കോർപ്പറേഷന് 2,684.57 കോടി രൂപയുടെ വൻ സാമ്പത്തിക നഷ്ടമുണ്ടാക്കിയ തട്ടിപ്പുമായി ബന്ധപ്പെട്ട് റിലയൻസ് ക്യാപിറ്റൽ മുൻ ചെ...
ന്യൂഡൽഹി: ലൈഫ് ഇൻഷുറൻസ് കോർപ്പറേഷന് 2,684.57 കോടി രൂപയുടെ വൻ സാമ്പത്തിക നഷ്ടമുണ്ടാക്കിയ തട്ടിപ്പുമായി ബന്ധപ്പെട്ട് റിലയൻസ് ക്യാപിറ്റൽ മുൻ ചെയർമാൻ അനിൽ അംബാനി, മുൻ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ സതീശ് സേട്ട് എന്നിവർക്കെതിരെ കേന്ദ്രാന്വേഷണ ഏജൻസിയായ സിബിഐ കേസെടുത്തു. എൽ.ഐ.സിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇവർക്കെതിരെ പുതിയ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
2012 ഏപ്രിൽ 12-നും 2018 മാർച്ച് 9-നുമിടയിൽ റിലയൻസ് ക്യാപിറ്റൽ പുറപ്പെടുവിച്ച അഞ്ച് നോൺ-കൺവേർട്ടിബിൾ ഡിബഞ്ചറുകളിലായി എൽ.ഐ.സി ആകെ 3,900 കോടി രൂപ നിക്ഷേപിച്ചിരുന്നു. കമ്പനിയുടെ പൊതു കോർപ്പറേറ്റ് ആവശ്യങ്ങൾക്കും നിലവിലുള്ള കടങ്ങൾ വീട്ടുന്നതിനുമായിട്ടായിരുന്നു ഈ ഭീമമായ തുക നിക്ഷേപമായി സ്വീകരിച്ചത്.എന്നാൽ, കമ്പനിയുടെ യഥാർത്ഥ സാമ്പത്തിക സ്ഥിതി മറച്ചുവെച്ച് തെറ്റായ വിവരങ്ങൾ നൽകിയാണ് നിക്ഷേപം നടത്തിച്ചതെന്നും, പിന്നീട് ഈ തുക നിക്ഷേപ വ്യവസ്ഥകൾ ലംഘിച്ച് മറ്റ് ആവശ്യങ്ങൾക്കായി വകമാറ്റി ചെലവഴിച്ചെന്നുമാണ് കണ്ടെത്തൽ. നിക്ഷേപിച്ച തുകയിൽ ഭൂരിഭാഗവും തിരികെ ലഭിക്കാത്തതിനെ തുടർന്നാണ് എൽ.ഐ.സിക്ക് 2,684.57 കോടി രൂപയുടെ നഷ്ടമുണ്ടായത്.
ഈ തട്ടിപ്പിൽ ഉൾപ്പെട്ടിട്ടുള്ള പൊതുപ്രവർത്തകർ, മറ്റ് വ്യക്തികൾ എന്നിവരുടെ പങ്ക് കണ്ടെത്താനും തുക എങ്ങോട്ടേക്കാണ് വകമാറ്റിയത് എന്ന് കണ്ടെത്താനുമാണ് സി.ബി.ഐ അന്വേഷണം നടത്തുന്നത്. ഈ ഗ്രൂപ്പുമായി ബന്ധപ്പെട്ട വിവിധ സാമ്പത്തിക ക്രമക്കേടുകളിൽ സി.ബി.ഐ നേരത്തെ എട്ട് കേസുകൾ രജിസ്റ്റർ ചെയ്യുകയും ആറ് ചാർജ്ഷീറ്റുകൾ സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്.
അതേസമയം, കേസിലെ കുറ്റാരോപണങ്ങൾ അനിൽ അംബാനിയുടെ വക്താവ് പൂർണ്ണമായും നിഷേധിച്ചു. താൻ തെറ്റായൊന്നും ചെയ്തിട്ടില്ലെന്നും, ഈ കേസ് പൂർണ്ണമായും റിലയൻസ് ക്യാപിറ്റൽ ലിമിറ്റഡുമായി ബന്ധപ്പെട്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി. 2005 മുതൽ 2021 നവംബർ വരെ (ആർ.ബി.ഐ ബോർഡ് റദ്ദാക്കുന്നത് വരെ) താൻ കമ്പനിയുടെ നോൺ-എക്സിക്യൂട്ടീവ് ഡയറക്ടർ/ചെയർമാൻ മാത്രമായിരുന്നുവെന്നും, സി.ബി.ഐ നടപടിയെ നിയമപരമായി നേരിടുമെന്നും അനിൽ അംബാനിയുടെ വക്താവ് അറിയിച്ചു.
Key Words : LIC , CBI, Anil Ambani, Satish Seth.

COMMENTS