വാഷിംഗ്ടൺ: ഇന്ത്യൻ വ്യവസായ ഭീമന്മാരായ എസ്സാർ ഗ്രൂപ്പ് അമേരിക്കയിൽ ചരിത്രത്തിലെ ഏറ്റവും വലിയ സ്റ്റീൽ പ്ലാന്റ് സ്ഥാപിക്കുന്നു. യുഎസിലെ ഐയോവ സം...
വാഷിംഗ്ടൺ: ഇന്ത്യൻ വ്യവസായ ഭീമന്മാരായ എസ്സാർ ഗ്രൂപ്പ് അമേരിക്കയിൽ ചരിത്രത്തിലെ ഏറ്റവും വലിയ സ്റ്റീൽ പ്ലാന്റ് സ്ഥാപിക്കുന്നു. യുഎസിലെ ഐയോവ സംസ്ഥാനത്ത് നിർമ്മിക്കുന്ന ഈ വൻകിട പദ്ധതി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപാണ് വൈറ്റ് ഹൗസിലെ ഓവൽ ഓഫീസിൽ വെച്ച് പ്രഖ്യാപിച്ചത്.
ഏകദേശം 15 മുതൽ 18 ബില്യൺ ഡോളർ വരെയാണ് (ഏകദേശം 1.44 ലക്ഷം കോടി രൂപ മുതൽ 1.73 ലക്ഷം കോടി രൂപ വരെ) പദ്ധതിക്കായി എസ്സാർ ഗ്രൂപ്പ് നിക്ഷേപിക്കുന്നത്. എസ്സാർ ഗ്രൂപ്പിന്റെ യുഎസിലെ ഉപകമ്പനിയായ 'മേസാബി മെറ്റാലിക്സ്' വഴിയാണ് ഈ മെഗാ പ്രോജക്റ്റ് നടപ്പിലാക്കുന്നത്.
പൂർണ്ണ സജ്ജമാകുമ്പോൾ പ്രതിവർഷം 10 മില്യൺ ടൺ ഗ്രീൻ സ്റ്റീൽ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതായിരിക്കും ഈ പ്ലാന്റ്. 2030-ഓടെ പ്ലാന്റിൽ നിന്നുള്ള ഉത്പാദനം ആരംഭിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഈ പദ്ധതിയിലൂടെ ഐയോവ സംസ്ഥാനത്ത് മാത്രം 1,750 സ്ഥിരം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന് വൈറ്റ് ഹൗസ് വക്താക്കൾ അറിയിച്ചു. കൂടാതെ നിർമ്മാണ ഘട്ടത്തിൽ ആയിരക്കണക്കിന് ആളുകൾക്ക് താല്കാലിക തൊഴിലും ലഭിക്കും.
മിനസോട്ടയിലുള്ള എസ്സാർ ഗ്രൂപ്പിന്റെ സ്വന്തം ഖനിയിൽ നിന്ന് വേർതിരിച്ചെടുക്കുന്ന ഇരുമ്പയിര് (Iron Ore) ഐയോവയിലെ പ്ലാന്റിലെത്തിച്ചായിരിക്കും സ്റ്റീൽ നിർമ്മാണം നടത്തുക. ഇതിനായി മിനസോട്ടയിൽ 2.5 ബില്യൺ ഡോളർ നിക്ഷേപത്തിൽ കമ്പനി ഖനന സൗകര്യങ്ങൾ വികസിപ്പിക്കുന്നുണ്ട്.
വൈറ്റ് ഹൗസിൽ നടന്ന പ്രഖ്യാപന ചടങ്ങിൽ എസ്സാർ ഗ്രൂപ്പ് സഹസ്ഥാപകൻ രവി റൂയിയ, മേസാബി മെറ്റാലിക്സ് ചെയർമാൻ രേവന്ത് റൂയിയ എന്നിവർ പങ്കെടുത്തു. അമേരിക്കയുടെ ആഭ്യന്തര നിർമ്മാണ മേഖലയ്ക്ക് വലിയ കുതിപ്പേകുന്നതാണ് ഈ പദ്ധതിയെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വിശേഷിപ്പിച്ചു.
Key Words : Donald Trump, Largest steel plant

COMMENTS