വാഷിംഗ്ടൺ: ഇറാനിൽ നിന്നുള്ള മിസൈൽ-ഡ്രോൺ ആക്രമണങ്ങൾക്ക് സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിവരങ്ങളെ തുടർന്ന്, സൗദി അറേബ്യയിലേക്കുള്ള യാത്രകൾ പൗരന്...
വാഷിംഗ്ടൺ: ഇറാനിൽ നിന്നുള്ള മിസൈൽ-ഡ്രോൺ ആക്രമണങ്ങൾക്ക് സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിവരങ്ങളെ തുടർന്ന്, സൗദി അറേബ്യയിലേക്കുള്ള യാത്രകൾ പൗരന്മാർ പുനരാലോചിക്കണമെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് കർശന നിർദേശം നൽകി. മേഖലയിലെ വഷളായ സുരക്ഷാ സാഹചര്യങ്ങൾ മുൻനിർത്തി സൗദി അറേബ്യയെ 'ലെവൽ 3' (Reconsider Travel) ജാഗ്രതാ വിഭാഗത്തിലാണ് അമേരിക്ക ഉൾപ്പെടുത്തിയിരിക്കുന്നത്.
അമേരിക്കൻ താല്പര്യങ്ങളുള്ള കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇറാന്റെ ഭാഗത്തുനിന്ന് ഏതുസമയത്തും വ്യോമാക്രമണങ്ങൾ ഉണ്ടായേക്കാമെന്നാണ് റിയാദിലെ യു.എസ് എംബസി നൽകുന്ന മുന്നറിയിപ്പ്. കൂടാതെ, യെമനിലെ ഇറാൻ പിന്തുണയുള്ള ഹൂതി വിമതർ സൗദിക്ക് നേരെ ആക്രമണം ശക്തമാക്കിയ പശ്ചാത്തലത്തിൽ, പ്രതിരോധിക്കുന്ന മിസൈലുകളുടെ അവശിഷ്ടങ്ങൾ പതിക്കുന്നതും വലിയ അപകടസാധ്യത ഉയർത്തുന്നു. കഴിഞ്ഞ ദിവസം മക്കയ്ക്ക് സമീപം ഹൂതികളുടെ ഡ്രോൺ സൗദി സഖ്യസേന തകർത്തിരുന്നു. ഇതിന് പിന്നാലെയാണ് അമേരിക്കയുടെ അടിയന്തര ഇടപെടൽ.
ഭീകരവാദ ഭീഷണി നിലനിൽക്കുന്നതിനാൽ സൗദി-യെമൻ അതിർത്തി പ്രദേശങ്ങളിലേക്ക് (20 മൈൽ ചുറ്റളവിൽ) യാതൊരു കാരണവശാലും യാത്ര ചെയ്യരുതെന്ന് കാണിച്ച് 'ലെവൽ 4' അതീവ ജാഗ്രതാ നിർദേശമാണ് നൽകിയിരിക്കുന്നത്. നിലവിൽ വാണിജ്യ വിമാന സർവീസുകൾ ലഭ്യമാണെങ്കിലും സുരക്ഷാ കാരണങ്ങളാൽ ഇവ എപ്പോൾ വേണമെങ്കിലും തടസ്സപ്പെടാൻ സാധ്യതയുണ്ടെന്നും പൗരന്മാർ സ്വന്തം നിലയിൽ അടിയന്തര സാഹചര്യങ്ങൾ നേരിടാൻ തയാറായിരിക്കണമെന്നും യു.എസ് വ്യക്തമാക്കുന്നു.
സായുധ സംഘർഷങ്ങൾ, ഭീകരവാദ സാധ്യതകൾ എന്നിവയ്ക്ക് പുറമെ, സോഷ്യൽ മീഡിയ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കടുത്ത പ്രാദേശിക നിയമങ്ങളും യാത്രാവിലക്കുകളും യാത്ര ഒഴിവാക്കാൻ കാരണമായി യു.എസ് ചൂണ്ടിക്കാണിക്കുന്നുണ്ട്.
Key Words : Iran, Drone Attack, USA, Travel Ban

COMMENTS