ന്യൂഡൽഹി: വോട്ടർമാരുടെ പ്രത്യേക തീവ്രമായ പുനരവലോകനം (എസ്.ഐ.ആർ) പൂർത്തിയായ സംസ്ഥാനങ്ങളിൽ വോട്ടർ പട്ടികയിൽ പുതിയതായി പേര് ചേർക്കുന്നതിനുള്ള ...
ന്യൂഡൽഹി: വോട്ടർമാരുടെ പ്രത്യേക തീവ്രമായ പുനരവലോകനം (എസ്.ഐ.ആർ) പൂർത്തിയായ സംസ്ഥാനങ്ങളിൽ വോട്ടർ പട്ടികയിൽ പുതിയതായി പേര് ചേർക്കുന്നതിനുള്ള 'ഫോം 6'-ൽ തിരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രധാന ഭേദഗതി വരുത്തി. ഓൺലൈൻ വഴി അപേക്ഷിക്കുമ്പോൾ മാതാപിതാക്കളുടെ വോട്ടർ ഐഡി വിവരങ്ങൾ നിർബന്ധമായും രേഖപ്പെടുത്തണമെന്ന നിബന്ധനയാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ഇപ്പോൾ പിൻവലിച്ചത്.
എസ്‌ഐആർ നടപടികൾ പൂർത്തിയായതോ നിലവിൽ നടക്കാത്തതോ ആയ സംസ്ഥാനങ്ങളിലെ അപേക്ഷകർക്ക് ഈ നിബന്ധന മൂലം ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കുന്നതിൽ സാങ്കേതിക തടസ്സങ്ങൾ നേരിട്ടിരുന്നു. വോട്ടർ രജിസ്ട്രേഷൻ പ്രക്രിയ കൂടുതൽ ലളിതമാക്കുന്നതിനും അപേക്ഷകർ നേരിടുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കുന്നതിനുമാണ് പുതിയ ഭേദഗതിയെന്ന് കമ്മീഷൻ വ്യക്തമാക്കി.
അതേസമയം, രാജ്യത്തിന്റെ ഇപ്പോഴത്തെ പോക്കിൽ ആശങ്ക രേഖപ്പെടുത്തി മുതിർന്ന ബിജെപി നേതാവ് മുരളി മനോഹർ ജോഷി രംഗത്തെത്തി. രാജ്യം അതിന്റെ ശരിയായ വഴിയിൽ നിന്ന തിരിഞ്ഞു സഞ്ചരിക്കുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വോട്ടർ പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ (എസ്ഐആർ) നടപടികളിലെ അപാകതകളും സുതാര്യതക്കുറവും ജനങ്ങളിൽ സംശയങ്ങൾ ജനിപ്പിക്കുന്നുണ്ടെന്നും, കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെട്ട് ഈ സംശയങ്ങൾ നീക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജനാധിപത്യ ഭരണസംവിധാനങ്ങളുടെ വിശ്വാസ്യത കാത്തുസൂക്ഷിക്കാൻ സർക്കാർ കൂടുതൽ ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Key Words : Election Commission

COMMENTS