ആധുനിക ജീവിതശൈലിയിൽ ഭൂരിഭാഗം ആളുകളും വരുത്തുന്ന വലിയൊരു തെറ്റാണ് വൈകിയുള്ള രാത്രി ഭക്ഷണം. ജോലിത്തിരക്കുകളും മിനിസ്‌ക്രീൻ കാഴ്ചകളും കാരണം അ...
ആധുനിക ജീവിതശൈലിയിൽ ഭൂരിഭാഗം ആളുകളും വരുത്തുന്ന വലിയൊരു തെറ്റാണ് വൈകിയുള്ള രാത്രി ഭക്ഷണം. ജോലിത്തിരക്കുകളും മിനിസ്‌ക്രീൻ കാഴ്ചകളും കാരണം അത്താഴം അർദ്ധരാത്രിയോടടുപ്പിക്കുന്ന ശീലം ഇന്ന് പലരിലും കണ്ടുവരുന്നു. എന്നാൽ ആരോഗ്യവിദഗ്ദ്ധരുടെ അഭിപ്രായത്തിൽ, നമ്മൾ എന്ത് കഴിക്കുന്നു എന്നതിനൊപ്പം തന്നെ പ്രധാനമാണ് എപ്പോൾ കഴിക്കുന്നു എന്നത്. രാത്രി ഭക്ഷണം ഉറങ്ങുന്നതിന് കുറഞ്ഞത് രണ്ട് അല്ലെങ്കിൽ മൂന്ന് മണിക്കൂർ മുൻപെങ്കിലും (ഏകദേശം 7 നും 8 നും ഇടയിൽ) കഴിക്കുന്നത് ശരീരത്തിന് ഒട്ടനവധി ആരോഗ്യഗുണങ്ങൾ സമ്മാനിക്കും.
നല്ലൊരു ദഹനപ്രക്രിയയ്ക്കും സുഖകരമായ ഉറക്കത്തിനും അത്താഴം നേരത്തെയാക്കേണ്ടത് അത്യാവശ്യമാണ്. ഭക്ഷണം കഴിഞ്ഞ് ഉടൻ തന്നെ കിടന്നുറങ്ങുന്നത് അസിഡിറ്റി, നെഞ്ചെരിച്ചിൽ, ഗ്യാസ് തുടങ്ങിയ അസ്വസ്ഥതകൾക്ക് കാരണമാകാറുണ്ട്. എന്നാൽ നേരത്തെ ഭക്ഷണം കഴിക്കുമ്പോൾ ഉറങ്ങുന്നതിന് മുൻപ് തന്നെ ദഹനപ്രക്രിയ സുഗമമായി നടക്കുന്നു. ഇത് ദഹനവ്യവസ്ഥയ്ക്ക് വിശ്രമം നൽകുകയും, അർദ്ധരാത്രിയിലെ ഉറക്കക്കുറവ് പരിഹരിച്ച് ആഴത്തിലുള്ള സുഖനിദ്ര പ്രധാനം ചെയ്യാൻ സഹായിക്കുകയും ചെയ്യും.
ശരീരഭാരം നിയന്ത്രിക്കാനും പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ ജീവിതശൈലീ രോഗങ്ങളെ ചെറുക്കാനും ഈ ശീലം ഏറെ ഫലപ്രദമാണ്. രാത്രി വൈകുന്തോറും ശരീരത്തിൻ്റെ ഉപാപചയ പ്രവർത്തനം മന്ദഗതിയിലാകുന്നു. ഈ സമയത്ത് കഴിക്കുന്ന ആഹാരത്തിലെ കലോറി ഊർജ്ജമായി മാറുന്നതിന് പകരം കൊഴുപ്പായി അടിഞ്ഞുകൂടി അമിതവണ്ണത്തിന് കാരണമാകും. കൂടാതെ, നേരത്തെയുള്ള അത്താഴം രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരുന്നത് തടയുകയും, ഇൻസുലിൻ ഉത്പാദനം കൃത്യമാക്കി പ്രമേഹസാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
നമ്മൾ ഉറങ്ങുന്ന സമയത്താണ് ശരീരം കോശങ്ങളുടെ കേടുപാടുകൾ തീർക്കുന്ന സ്വാഭാവിക രോഗശാന്തി പ്രക്രിയയിൽ (Body Repair Work) ഏർപ്പെടുന്നത്. വൈകി ഭക്ഷണം കഴിക്കുമ്പോൾ ശരീരം മുഴുവൻ ഊർജ്ജവും ദഹനത്തിനായി വിനിയോഗിക്കേണ്ടി വരികയും ശരീരത്തിൻ്റെ ഈ സ്വാഭാവിക ശുദ്ധീകരണ പ്രക്രിയ തടസ്സപ്പെടുകയും ചെയ്യും. അതിനാൽ, രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും ശരീരത്തിന് ഉന്മേഷം നിലനിർത്താനും രാത്രി ഭക്ഷണം നേരത്തെയാക്കുന്നതാണ് ഉചിതം. അത്താഴം എപ്പോഴും ലഘുവായ ഭക്ഷണങ്ങളിൽ ഒതുക്കാൻ ശ്രദ്ധിക്കുന്നത് ആരോഗ്യകരമായ നാളേക്ക് വഴിതുറക്കും.
Key Words: Health, Life Style

COMMENTS