തമിഴ് ചിത്രം 'ഡിസി'യുടെ വൻ ബോക്സ് ഓഫീസ് വിജയത്തിന് പിന്നാലെ അണിയറപ്രവർത്തകർക്ക് ആഡംബര ബിഎംഡബ്ല്യു (BMW iX1 LWB) കാറുകൾ സമ്മാനിച്ച്...
തമിഴ് ചിത്രം 'ഡിസി'യുടെ വൻ ബോക്സ് ഓഫീസ് വിജയത്തിന് പിന്നാലെ അണിയറപ്രവർത്തകർക്ക് ആഡംബര ബിഎംഡബ്ല്യു (BMW iX1 LWB) കാറുകൾ സമ്മാനിച്ച് സൺ പിക്ചേഴ്സ് ഉടമ കലാനിധി മാരൻ. ചിത്രത്തിലെ നായകൻ ലോകേഷ് കനകരാജ്, സംവിധായകൻ അരുൺ മാതേശ്വരൻ, സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദർ എന്നിവർക്കാണ് നിർമാതാവ് കോടികൾ വിലമതിക്കുന്ന കാറുകൾ നൽകിയത്. 49 ലക്ഷം മുതൽ 55.81 ലക്ഷം രൂപ വരെ വിലവരുന്ന മൂന്ന് കാറുകൾക്കായി ഒന്നരക്കോടിയോളം രൂപയാണ് ചെലവഴിച്ചത്.
എന്നാൽ, ചിത്രത്തിൽ 'ചന്ദ്ര' എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നായിക വാമിഖ ഗബ്ബിയെ സമ്മാനപ്പട്ടികയിൽ നിന്ന് പൂർണമായി ഒഴിവാക്കിയതിനെതിരെ നടി സാനിയ അയ്യപ്പൻ പരസ്യമായി രംഗത്തെത്തി. സൺ പിക്ചേഴ്സ് പങ്കുവച്ച വിഡിയോയ്ക്ക് താഴെ "ചന്ദ്രയും ഈ സമ്മാനം അർഹിക്കുന്നു" എന്ന് സാനിയ കമന്റ് ചെയ്തു. സാനിയയുടെ പ്രതികരണത്തെ പിന്തുണച്ച് നിരവധി ആളുകളാണ് സോഷ്യൽ മീഡിയയിൽ എത്തുന്നത്. സിനിമയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ച നായികയോടുള്ള അവഗണന ശരിയായില്ലെന്നും തുല്യ പ്രകടനം കാഴ്ചവെക്കുന്ന സ്ത്രീകളെയും അംഗീകരിക്കാൻ നിർമാതാക്കൾ തയ്യാറാകണമെന്നും അഭിപ്രായങ്ങൾ ഉയരുന്നുണ്ട്.
ഏകദേശം 25 കോടി രൂപ ബജറ്റിൽ നിർമിച്ച 'ഡിസി' ആഗോളതലത്തിൽ 100 കോടിയിലധികം കളക്ഷൻ നേടിയിട്ടുണ്ട്. പ്രശസ്ത സംവിധായകൻ ലോകേഷ് കനകരാജ് ആദ്യമായി പ്രധാന കഥാപാത്രമായി അരങ്ങേറ്റം കുറിച്ച ചിത്രം കൂടിയാണിത്.
Key Words : DC Movie, BMW Car, Saniya Iyappan

COMMENTS