ന്യൂഡല്‍ഹി: കാന്‍സര്‍ മരുന്നുകള്‍ക്ക് അമിതവില ഈടാക്കി രോഗികളെ ചൂഷണം ചെയ്യുന്ന കോര്‍പ്പറേറ്റ് സ്വകാര്യ ആശുപത്രികളുടെ നടപടിക്കെതിരെ സുപ്രീംകോട...
ന്യൂഡല്‍ഹി: കാന്‍സര്‍ മരുന്നുകള്‍ക്ക് അമിതവില ഈടാക്കി രോഗികളെ ചൂഷണം ചെയ്യുന്ന കോര്‍പ്പറേറ്റ് സ്വകാര്യ ആശുപത്രികളുടെ നടപടിക്കെതിരെ സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം. ചില്ലറ വ്യാപാരികള്‍ക്ക് 2,700 രൂപയ്ക്ക് ലഭിക്കുന്ന കാന്‍സര്‍ മരുന്നുകള്‍ക്ക് കോര്‍പ്പറേറ്റ് ആശുപത്രികള്‍ 27,000 രൂപ വരെ പരമാവധി ചില്ലറ വിലയായി (MRP) ഈടാക്കുന്നതായി കോടതി ചൂണ്ടിക്കാട്ടി. ഈ കൊള്ളലാഭത്തെ "കൂട്ടക്കുരുതി" എന്നും "പകൽക്കൊള്ള" എന്നുമാണ് കോടതി വിശേഷിപ്പിച്ചത്.
ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് കിഷൻ ചന്ദ് ജെയിൻ സമർപ്പിച്ച ഹർജിയിൽ സ്വകാര്യ ആശുപത്രികൾക്കെതിരെ കടുത്ത നിലപാട് സ്വീകരിച്ചത്. ഈ ഭീമമായ ലാഭം പോകുന്നത് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളിലേക്കല്ല, മറിച്ച് കോര്‍പ്പറേറ്റ് ആശുപത്രികളിലേക്കാണെന്ന് കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു.
കോര്‍പ്പറേറ്റ് ആശുപത്രികള്‍ ഇപ്പോള്‍ സേവന സ്ഥാപനങ്ങളല്ല, മറിച്ച് ലാഭം മാത്രം ലക്ഷ്യമിടുന്ന വ്യവസായങ്ങളായി മാറിയിരിക്കുകയാണെന്ന് കോടതി നിരീക്ഷിച്ചു. ചികിൽസാച്ചെലവ് നൽകാത്തതിന്റെ പേരിൽ മരണപ്പെട്ടവരുടെ മൃതശരീരങ്ങള്‍ വിട്ടുകൊടുക്കാൻ പോലും ഇത്തരം ആശുപത്രികൾ വിലപേശുന്ന അവസ്ഥയുണ്ടെന്ന് ജസ്റ്റിസ് മേത്ത കടുത്ത ഭാഷയിൽ വിമർശിച്ചു. രോഗികൾ പുറത്തുനിന്ന് കുറഞ്ഞ വിലയ്ക്ക് മരുന്ന് വാങ്ങുന്നത് തടഞ്ഞ്, ആശുപത്രികളുടെ സ്വന്തം ഫാർമസികളിൽ നിന്ന് തന്നെ മരുന്ന് വാങ്ങാൻ നിർബന്ധിക്കുന്ന പ്രവണതയും കേന്ദ്ര സർക്കാർ പരിശോധിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.
ആയുഷ്മാൻ ഭാരത് പോലുള്ള സർക്കാർ പദ്ധതികൾ വഴി ചികിത്സ തേടുന്ന രോഗികളുടെ ഈ അമിത ബില്ലുകൾ ഒടുവിൽ നൽകേണ്ടി വരുന്നത് സാധാരണക്കാരായ നികുതിദായകരാണെന്നും, ഇത് പൊതുമുതൽ കൊള്ളയടിക്കുന്നതിന് തുല്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി. അത്യാവശ്യ മരുന്നുകളെന്നും അല്ലാത്തവയെന്നും വേർതിരിക്കാതെ, എല്ലാ മരുന്നുകൾക്കും അവശ്യവസ്തു നിയമപ്രകാരം പരമാവധി 16 ശതമാനം ട്രേഡ് മാർജിൻ (ലാഭപരിധി) മാത്രമായി നിജപ്പെടുത്തിക്കൂടേ എന്ന് കേന്ദ്രത്തോട് കോടതി ചോദിച്ചു.
വിഷയത്തിൽ കൃത്യമായ മറുപടിയും പരിഹാരമാർഗ്ഗങ്ങളും സമർപ്പിക്കാൻ കേന്ദ്ര സർക്കാരിന് കോടതി സമയം അനുവദിച്ചിട്ടുണ്ട്. കേസ് ഒക്ടോബർ 12-ന് വീണ്ടും പരിഗണിക്കും
Key Words : Cancer Drugs, Price Hike, Supreme Court

COMMENTS