തിരുവനന്തപുരം: ചിറയിൻകീഴിൽ കോൺഗ്രസ് പ്രവർത്തകർ തമ്മിലുണ്ടായ കയ്യാങ്കളിയുടെയും പരസ്യമായ ചേരിപ്പോരിന്റെയും പശ്ചാത്തലത്തിൽ രമ്യ ഹരിദാസ് എം.എൽ.എ...
തിരുവനന്തപുരം: ചിറയിൻകീഴിൽ കോൺഗ്രസ് പ്രവർത്തകർ തമ്മിലുണ്ടായ കയ്യാങ്കളിയുടെയും പരസ്യമായ ചേരിപ്പോരിന്റെയും പശ്ചാത്തലത്തിൽ രമ്യ ഹരിദാസ് എം.എൽ.എയ്ക്കും തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അംഗം സജിത്ത് മുട്ടപ്പാലത്തിനും കെ.പി.സി.സി ഔദ്യോഗികമായി കർശന താക്കീത് നൽകി. പാർട്ടി നേതൃത്വത്തിന്റെ അനുവാദമില്ലാതെയും സംഘടനാ നയങ്ങൾക്ക് വിരുദ്ധമായും പ്രവർത്തിച്ചതിനെത്തുടർന്നാണ് അടിയന്തര നടപടി.
മുൻ കെ.പി.സി.സി പ്രസിഡന്റ് എം.എം. ഹസൻ അധ്യക്ഷനായ അന്വേഷണ സമിതി സമർപ്പിച്ച വിശദമായ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കെ.പി.സി.സി നേതൃത്വത്തിന്റെ ഈ തീരുമാനം. പൊതുജനമധ്യത്തിൽ പാർട്ടിയുടെയും ജനപ്രതിനിധികളുടെയും പ്രതിച്ഛായയ്ക്ക് വലിയ കോട്ടമുണ്ടാക്കിയ സംഭവമാണിതെന്ന് നേതൃത്വം വിലയിരുത്തി.സംഭവവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിലോ മറ്റ് പൊതുവേദികളിലോ യാതൊരുവിധ പരസ്യ പ്രസ്താവനകളും നടത്തരുതെന്ന് ഇരുവർക്കും കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
ഡി.സി.സി നേതൃത്വത്തെ അറിയിക്കാതെ പോലീസിൽ പരാതി നൽകിയതിൽ പാർട്ടി ശക്തമായ അതൃപ്തി രേഖപ്പെടുത്തുകയും, ഇരുവിഭാഗവും നൽകിയിട്ടുള്ള പോലീസ് കേസുകൾ അടിയന്തരമായി പിൻവലിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. കൂടാതെ, പാർട്ടിയിൽ നിന്ന് നേരത്തെ സസ്‌പെൻഡ് ചെയ്യപ്പെട്ട സഹായി പാളയം പ്രദീപിനെ യാതൊരു കാരണവശാലും പേഴ്സണൽ സ്റ്റാഫിൽ നിലനിർത്തുകയോ ഒപ്പം കൂട്ടുകയോ ചെയ്യരുതെന്ന് രമ്യ ഹരിദാസിന് കർശന നിർദ്ദേശം നൽകി.ചിറയിൻകീഴിലെ പ്രാദേശിക തർക്കങ്ങൾ പൂർണ്ണമായി പരിഹരിക്കാൻ എം. വിൻസെന്റ്, പാലോട് രവി, നെയ്യാറ്റിൻകര സനൽ, കെ.എസ്. ശബരീനാഥൻ എന്നിവരടങ്ങുന്ന നാലംഗ സമിതിയെ കെ.പി.സി.സി ചുമതലപ്പെടുത്തിയിട്ടുണ്ട്.
ഭാവിയിൽ ഇത്തരം അച്ചടക്കലംഘനങ്ങളും സംഘടനാനയങ്ങൾക്ക് വിരുദ്ധമായ പ്രവർത്തനങ്ങളും ആവർത്തിച്ചാൽ പാർട്ടിയിൽ നിന്ന് പുറത്താക്കൽ ഉൾപ്പെടെയുള്ള കൂടുതൽ കർശനമായ നടപടികൾ സ്വീകരിക്കുമെന്നും കെ.പി.സി.സി നേതൃത്വം വ്യക്തമാക്കി.
Key Words : Chirayinkeezhu Congress Clash, KPCC , Ramya Haridas, Sajith Muttappalam

COMMENTS