തിരുവനന്തപുരം: സംസ്ഥാനത്തെ അങ്കണവാടികൾ വഴി വിതരണം ചെയ്യുന്ന അമൃതം ന്യൂട്രിമിക്സിൽ (അമൃതം പൊടി) പഞ്ചസാര പൂർണ്ണമായും ഒഴിവാക്കണമെന്ന് സംസ്ഥാന ബ...
തിരുവനന്തപുരം: സംസ്ഥാനത്തെ അങ്കണവാടികൾ വഴി വിതരണം ചെയ്യുന്ന അമൃതം ന്യൂട്രിമിക്സിൽ (അമൃതം പൊടി) പഞ്ചസാര പൂർണ്ണമായും ഒഴിവാക്കണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ നിർദേശം നൽകി. നിലവിൽ വിതരണം ചെയ്യുന്ന അമൃതം പൊടിയിൽ അടങ്ങിയിരിക്കുന്ന അമിത പഞ്ചസാര കുട്ടികളിൽ ചെറുപ്പത്തിൽത്തന്നെ ജീവിതശൈലി രോഗങ്ങൾക്ക് ഇടവരുത്തുമെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി. വനിതാ ശിശുവികസന വകുപ്പിനാണ് കമ്മീഷൻ ഇത് സംബന്ധിച്ച നിർദേശം നൽകിയത്.
ആറുമാസം മുതൽ മൂന്ന് വയസ്സ് വരെയുള്ള കുട്ടികൾക്ക് നൽകുന്ന അമൃതം പൊടിയിൽ 20 ശതമാനത്തോളം പഞ്ചസാരയാണ് അടങ്ങിയിരിക്കുന്നത്. ഇത് ലോകാരോഗ്യ സംഘടനയുടെ മാർഗനിർദേശങ്ങൾക്ക് വിരുദ്ധമാണെന്ന് കമ്മീഷൻ ചൂണ്ടിക്കാട്ടി. പാലക്കാട് പട്ടിത്തറ സ്വദേശി നൽകിയ ഹർജിയിലാണ് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ അംഗം പി. ഷാജേഷ് ഭാസ്കറിന്റെ ഈ സുപ്രധാന ഉത്തരവ്.
പഞ്ചസാര പൂർണ്ണമായും ഒഴിവാക്കി പകരം കുട്ടികളുടെ പോഷക ആവശ്യങ്ങൾക്കായി കുറഞ്ഞ അളവിൽ ശർക്കര ചേർക്കുന്നതിനെക്കുറിച്ച് വകുപ്പ് ആലോചിക്കണം. ശാസ്ത്രീയമായ അടിത്തറയോടെ അമൃതം പൊടിയുടെ പോഷക ഘടന പുനർനിർണ്ണയിക്കാൻ വനിതാ ശിശുവികസന വകുപ്പ് ഡയറക്ടറുടെ നേതൃത്വത്തിൽ ഉന്നതതല സമിതി രൂപീകരിക്കാനും ഉത്തരവിൽ നിർദേശമുണ്ട്. കൂടാതെ ഉൽപ്പന്നത്തിന്റെ പാക്കറ്റിൽ അടങ്ങിയിരിക്കുന്ന പോഷക വിവരങ്ങളും കുട്ടികൾക്ക് നൽകേണ്ട കൃത്യമായ അളവും രേഖപ്പെടുത്തണമെന്നും അങ്കണവാടി ജീവനക്കാർക്കും രക്ഷിതാക്കൾക്കും ഇതിനെക്കുറിച്ച് വ്യക്തമായ ബോധവൽക്കരണം നൽകണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
Key Words : Child Rights Commission, Amritam powder

COMMENTS