ന്യൂഡൽഹി: വിവിധ ബാങ്ക് യൂണിയനുകളുടെ കൂട്ടായ്മയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് സെപ്റ്റംബർ 28 മുതൽ 30 വരെ പ്രഖ്യാപിച്ചിട്ടുള്ള ത്രിദിന ര...
ന്യൂഡൽഹി: വിവിധ ബാങ്ക് യൂണിയനുകളുടെ കൂട്ടായ്മയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് സെപ്റ്റംബർ 28 മുതൽ 30 വരെ പ്രഖ്യാപിച്ചിട്ടുള്ള ത്രിദിന രാജ്യവ്യാപക പണിമുടക്കിനെ നേരിടാൻ നിർണായക നീക്കവുമായി കേന്ദ്ര ധനമന്ത്രാലയം. പണിമുടക്ക് മൂലം പൊതുജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കാനും ബാങ്കിങ് സേവനങ്ങൾ തടസ്സമില്ലാതെ ലഭ്യമാക്കാനും വരുന്ന ഞായറാഴ്ച (സെപ്റ്റംബർ 27) രാജ്യത്തെ എല്ലാ പൊതുമേഖലാ ബാങ്കുകളും പ്രാദേശിക ഗ്രാമീണ ബാങ്കുകളും സാധാരണ പോലെ തുറന്നു പ്രവർത്തിക്കുമെന്ന് ധനമന്ത്രാലയം അറിയിച്ചു.
സെപ്റ്റംബർ 26 നാലാം ശനിയാഴ്ചയും, സെപ്റ്റംബർ 27 ഞായറാഴ്ചയുമാണ്. തൊട്ടടുത്ത ദിവസങ്ങളായ സെപ്റ്റംബർ 28, 29, 30 തീയതികളിൽ പണിമുടക്ക് കൂടി എത്തുന്നതോടെ തുടർച്ചയായി അഞ്ച് ദിവസം രാജ്യത്തെ ബാങ്കിങ് മേഖല പൂർണ്ണമായി സ്തംഭിക്കുന്ന സാഹചര്യമായിരുന്നു. ഇത് കണക്കിലെടുത്താണ് ഞായറാഴ്ച പ്രവൃത്തിദിനമാക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്.
റിസർവ് ബാങ്കിന്റെ പ്രത്യേക അനുമതിയോടെ ബാങ്ക് ശാഖകൾ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസുകൾ, കറൻസി ചെസ്റ്റുകൾ എന്നിവ ഞായറാഴ്ച സാധാരണ പോലെ പ്രവർത്തിക്കും.സെപ്റ്റംബർ 30 ബാങ്കുകളുടെ അർദ്ധവാർഷിക അക്കൗണ്ട് ക്ലോസിങ് ദിവസം കൂടിയായതിനാൽ, ഈ ദിവസങ്ങളിലെ പണിമുടക്ക് രാജ്യത്തെ വലിയ സാമ്പത്തിക ഇടപാടുകളെയും വ്യാപാരികളെയും ദോഷകരമായി ബാധിക്കാതിരിക്കാൻ കൂടിയാണ് സർക്കാരിന്റെ ഈ അടിയന്തര ഇടപെടൽ.
ബാങ്കിങ് മേഖലയിൽ ആഴ്ചയിൽ 5 ദിവസത്തെ പ്രവൃത്തിദിനം പൂർണ്ണമായി നടപ്പിലാക്കുക (എല്ലാ ശനിയാഴ്ചകളും അവധിയാക്കുക) എന്നതുൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് യൂണിയനുകൾ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
ഞായറാഴ്ച ബാങ്കുകൾ തുറക്കുമെങ്കിലും, തുടർന്നുള്ള ദിവസങ്ങളിൽ പണിമുടക്ക് ഉള്ളതിനാൽ നേരിട്ടുള്ള അടിയന്തര ഇടപാടുകൾ ഉള്ളവർ ഞായറാഴ്ചയ്ക്കുള്ളിൽ തന്നെ അത് തീർക്കണമെന്ന് അധികൃതർ ഓർമ്മിപ്പിച്ചു. അതേസമയം, പണിമുടക്ക് ദിവസങ്ങളിലും യുപിഐ, ഇന്റർനെറ്റ് ബാങ്കിങ്, എടിഎം തുടങ്ങിയ ഡിജിറ്റൽ സേവനങ്ങൾ ലഭ്യമായിരിക്കും.
Key Words : Bank Strike,

COMMENTS