ക്വറ്റ: പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ പാക് സുരക്ഷാ സേനയ്ക്ക് നേരെ വിഘടനവാദി ഗ്രൂപ്പുകളുടെ കനത്ത സായുധ ആക്രമണം. കഴിഞ്ഞ ദിവസങ്ങളിൽ നടന...
ക്വറ്റ: പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ പാക് സുരക്ഷാ സേനയ്ക്ക് നേരെ വിഘടനവാദി ഗ്രൂപ്പുകളുടെ കനത്ത സായുധ ആക്രമണം. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന വിവിധ ആക്രമണങ്ങളിൽ നിരവധി പാക് സൈനികർ കൊല്ലപ്പെടുകയും സൈനിക വാഹനങ്ങൾ തകർക്കപ്പെടുകയും ചെയ്തതായാണ് റിപ്പോർട്ട്.
ബലൂചിസ്ഥാൻ ലിബറേഷൻ ഫ്രണ്ടിന്റെ (BLF) പുതുതായി രൂപീകരിച്ച വനിതാ സായുധ വിഭാഗമായ 'കരിമ ആംഡ് അസോൾട്ട് ഡിവിഷൻ' (KAAD) നടത്തിയ ആദ്യ ആക്രമണത്തിന്റെ ദൃശ്യങ്ങൾ സംഘടന പുറത്തുവിട്ടു. ടർബറ്റിന് സമീപം പാക് സൈനിക വ്യൂഹത്തിനു നേരെ വനിതാ പോരാളികൾ നടത്തിയ വെടിവയ്പ്പിൽ 9 പാക് സൈനികർ കൊല്ലപ്പെട്ടതായി വിഘടനവാദികൾ അവകാശപ്പെടുന്നു. ബലൂച് സായുധ പോരാട്ട ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിതാ റൈഫിൾ സ്ക്വാഡ് നേരിട്ട് ആക്രമണം നടത്തുന്നത്.
മറ്റൊരു പ്രമുഖ സംഘടനയായ ബലൂച് ലിബറേഷൻ ആർമിയും (BLA) പ്രവിശ്യയിൽ ആക്രമണം ശക്തമാക്കിയിട്ടുണ്ട്. സിയാറത്ത് ക്രോസിന് സമീപം സൈനിക വ്യൂഹത്തെ തടഞ്ഞുനിർത്തി നടത്തിയ ആക്രമണത്തിലും, സുറാബ്, മസ്തുങ് എന്നിവിടങ്ങളിൽ നടന്ന ഐ.ഇ.ഡി (IED) സ്ഫോടനങ്ങളിലുമായി ഒട്ടനവധി സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. ദ്രാ ബുഗ്തിയിലുണ്ടായ അംബുഷ് ആക്രമണത്തിൽ എട്ട് സൈനികർ കൊല്ലപ്പെട്ടതായും വിവരമുണ്ട്.
അതേസമയം, വിഘടനവാദികളുടെ നീക്കങ്ങൾക്ക് തടയിടാൻ പാക് സൈന്യം പ്രവിശ്യയിൽ ശക്തമായ പ്രത്യാക്രമണം ആരംഭിച്ചിട്ടുണ്ട്. ക്വറ്റ, നുഷ്കി, മാണ്ട് തുടങ്ങിയ മേഖലകളിൽ സൈന്യം നടത്തുന്ന 'ഓപ്പറേഷൻ ശബാൻ' എന്ന പ്രത്യേക തിരച്ചിലിൽ ഇതുവരെ 70-ലധികം വിഘടനവാദികളെ വധിച്ചതായി പാക്കിസ്ഥാൻ സൈന്യത്തിന്റെ മാധ്യമ വിഭാഗമായ ഐ.എസ്.പി.ആർ (ISPR) അവകാശപ്പെട്ടു.
തങ്ങളുടെ പ്രകൃതിവിഭവങ്ങൾ പാക് ഭരണകൂടവും ചൈനയും ചേർന്ന് ചൂഷണം ചെയ്യുന്നുവെന്ന് ആരോപിച്ചാണ് ബലൂച് സംഘടനകൾ പ്രവിശ്യയിൽ സായുധ പോരാട്ടം നടത്തുന്നത്. ആക്രമണങ്ങൾ കടുത്തതോടെ ബലൂചിസ്ഥാനിൽ വൻ സുരക്ഷാ ജാഗ്രതയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
Key Words : Baloch Separatists, Pakistan Army

COMMENTS