Attempted Check Fraud of ₹50 Crore: Actress Radha Files Case Against Sister Ambika and Brother
![]() |
| അംബിക, രാധ |
ചെന്നൈ : തന്റെ ബ്ലാങ്ക് ചെക്കുകള്‍ കൈക്കലാക്കി ഏകദേശം 50.8 കോടി രൂപയുടെ തിരിമറി നടത്തിയതായി ആരോപിച്ച് നടി രാധ സഹോദരി അംബികയ്ക്കും സഹോദരന്‍ മല്ലികാര്‍ജുന്‍ (അര്‍ജുന്‍ നായര്‍) എന്നിവര്‍ക്കെതിരേ ചെന്നൈ സിറ്റി പോലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കി.
80-കളില്‍ തെന്നിന്ത്യന്‍ സിനിമയിലെ നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൂടെ കുടുംബപ്രേക്ഷകരുടെ മനംകവര്‍ന്ന സഹോദരിമാരാണ് നടി അംബികയും രാധയും. രജനികാന്ത്, കമലഹാസന്‍, മോഹന്‍ തുടങ്ങിയ മുന്‍നിര നായകന്മാരുടെ നായികമാരായി ഇരുവരും അഭിനയിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ കല്ലറയിലാണ് ഇവരുടെ കുടുംബം.
ചെന്നൈ വലസരവാക്കത്തുള്ള വസതിയിലെ താഴത്തെ നിലയിലാണ് രാധ താമസിക്കുന്നത്. പ്രൊഫഷണല്‍ ആവശ്യങ്ങള്‍ക്കായി ഇതര സംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യുമ്പോള്‍ ജീവനക്കാരുടെ ശമ്പളം, നികുതി, വൈദ്യുതി ബില്‍ തുടങ്ങിയ ചെലവുകള്‍ക്കായി ഒപ്പിട്ട ഏതാനും ബ്ലാങ്ക് ചെക്കുകള്‍ രാധ തന്റെ മുറിയില്‍ സൂക്ഷിച്ചിരുന്നു. ഇതേ വീട്ടില്‍ താമസിച്ചിരുന്ന അംബിക തന്റെ അനുമതിയില്ലാതെ മുറിയില്‍ പ്രവേശിച്ച് ഈ ചെക്കുകള്‍ കൈക്കലാക്കുകയായിരുന്നുവെന്ന് രാധ ആരോപിക്കുന്നു.
'എആര്‍എസ് ഗാര്‍ഡന്‍ സ്റ്റുഡിയോ' എന്ന പേരില്‍ താന്‍ നടത്തിയിരുന്ന ബിസിനസ്സ് ആവശ്യങ്ങള്‍ക്കായി ഒരു സ്വകാര്യ ബാങ്കില്‍ കറന്റ് അക്കൗണ്ട് നിലനിര്‍ത്തിയിരുന്നു. ഇതിന്റെ ഒപ്പിട്ട ചില ബ്ലാങ്ക് ചെക്കുകള്‍ താന്‍ മുറിയില്‍ സൂക്ഷിച്ചിരുന്നുവെന്നും രാധ പറയുന്ന.
2025 ജനുവരിയില്‍ സ്റ്റുഡിയോയുടെ പേര് 'ആര്‍ആര്‍ ഗാര്‍ഡന്‍സ്' എന്ന് മാറ്റിയ ശേഷം ഒരു പുതിയ ചെക്ക് ബുക്ക് വാങ്ങുകയും പഴയ ചെക്ക് ബുക്ക് ഉപയോഗിക്കുന്നത് നിര്‍ത്തുകയും ചെയ്തു. കഴിഞ്ഞ സെപ്റ്റംബര്‍ 17-ന് ബാങ്കില്‍ നിന്നുള്ള വിവരമറിഞ്ഞ് നടി രാധ ഞെട്ടിപ്പോയി. അംബികയുടെ പേരില്‍ പണം മാറുന്നതിനായി തന്റെ പഴയ 5 ചെക്കുകള്‍ സമര്‍പ്പിച്ചിട്ടുണ്ടെന്ന് ബാങ്ക് അധികൃതര്‍ അവരെ അറിയിച്ചു.
താന്‍ ആ ചെക്കുകള്‍ സഹോദരി അംബികയ്ക്ക് നല്‍കിയിട്ടില്ലെന്നും പണം നല്‍കേണ്ട രീതിയിലുള്ള ഒരു സാമ്പത്തിക ഇടപാടിലും അവരുമായി ഏര്‍പ്പെട്ടിട്ടില്ലെന്നും വ്യക്തമാക്കിയ രാധ, ഇടപാട് ഉടന്‍ തന്നെ തടയണമെന്ന് ബാങ്കിനോട് ആവശ്യപ്പെട്ടതായി പരാതിയില്‍ പറയുന്നു.
ഈ പരാതിയിന്മേല്‍ അന്വേഷണം നടന്നു വരികയാണെന്നും കേസിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തുവരുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
സംഭവത്തിന്റെ വിവരങ്ങള്‍:
സെപ്റ്റംബര്‍ 17-ന് ഐ.ഡി.ബി.ഐ ബാങ്കില്‍ നിന്ന് ലഭിച്ച ഇമെയില്‍ സന്ദേശത്തിലൂടെയാണ് തന്റെ പഴയ ചെക്കുകള്‍ ഉപയോഗിച്ച് അംബിക നായരുടെ പേരില്‍ വലിയ തുകകളുടെ ഇടപാട് നടത്താന്‍ ശ്രമിച്ചതായി രാധ അറിയുന്നത്. 11 ലക്ഷം, 13.17 കോടി, 27.73 കോടി, 7 കോടി, 1.79 കോടി എന്നിങ്ങനെ ആകെ 50.8 കോടി രൂപയുടെ അഞ്ച് ചെക്കുകളാണ് ബാങ്കില്‍ സമര്‍പ്പിച്ചിരുന്നത്.
ഈ ചെക്കുകളിലെ തുകയും പേരും തീയതിയും പൂരിപ്പിച്ചത് സഹോദരന്‍ മല്ലികാര്‍ജുന്‍ (അര്‍ജുന്‍) ആണെന്ന് രാധ ആരോപിക്കുന്നു. ഫെമ കേസുകളില്‍പ്പെട്ട് മദ്രാസ് ഹൈക്കോടതി ഉത്തരവിന്‍പ്രകാരം വലിയ തുക പിഴയടക്കേണ്ട സാഹചര്യമുള്ള അര്‍ജുന്‍, അംബികയുമായി ചേര്‍ന്ന് അന്യായമായി പണം സമ്പാദിക്കാന്‍ നടത്തിയ ശ്രമമാണിതെന്നും പരാതിയില്‍ പറയുന്നു.
തനിക്ക് സഹോദരങ്ങളോട് യാതൊരു സാമ്പത്തിക കടബാധ്യതയുമില്ലെന്ന് വ്യക്തമാക്കിയ രാധ, തന്റെ മുറിയില്‍ സൂക്ഷിച്ചിരിക്കുന്ന വജ്രാഭരണങ്ങള്‍, സ്വര്‍ണം, സ്വത്ത് രേഖകള്‍ എന്നിവ പരിശോധിക്കുന്നതില്‍ നിന്നും ഇരുവരും തടസ്സം സൃഷ്ടിക്കുകയാണെന്നും ആരോപിച്ചു.
ഉടന്‍ തന്നെ ബാങ്കുമായി ബന്ധപ്പെട്ട് ഇടപാടുകള്‍ നിര്‍ത്തിവയ്പ്പിച്ച രാധ, സംഭവത്തില്‍ അടിയന്തര അന്വേഷണം നടത്തി ഇവര്‍ക്കെതിരെ ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ചെന്നൈ പോലീസിനോട് ആവശ്യപ്പെട്ടു.



COMMENTS