മസ്കറ്റ് / ന്യൂഡൽഹി: ഒമാൻ തീരത്ത് ഹോർമുസ് കടലിടുക്കിന് സമീപം ചരക്കുകപ്പലിന് നേരെ നടന്ന ക്രൂരമായ ആക്രമണത്തിൽ ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു. ഉത...
മസ്കറ്റ് / ന്യൂഡൽഹി: ഒമാൻ തീരത്ത് ഹോർമുസ് കടലിടുക്കിന് സമീപം ചരക്കുകപ്പലിന് നേരെ നടന്ന ക്രൂരമായ ആക്രമണത്തിൽ ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു. ഉത്തർപ്രദേശിലെ ദേവരിയ സ്വദേശിയായ സൂരജ് യാദവ് (വൈപ്പർ) ആണ് മരണപ്പെട്ടത്. ഇന്ത്യയിലേക്ക് വരികയായിരുന്ന 'എം.വി. കേപ് ദാവോ' എന്ന ചരക്കുകപ്പലിന് നേരെയാണ് ആക്രമണമുണ്ടായത്.
കപ്പലിൽ രണ്ട് ടോർപിഡോകൾ പതിച്ചതായാണ് പ്രാഥമിക വിവരങ്ങൾ. ഇറാൻ റെവലൂഷനറി ഗാർഡാണ് ആക്രമണത്തിന് പിന്നിലെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.കപ്പലിൽ ആകെ 28 ജീവനക്കാരാണ് ഉണ്ടായിരുന്നത്. ഇതിൽ 20 പേർ ഇന്ത്യൻ പൗരന്മാരായിരുന്നു. ഒമാൻ മാരിടൈം സെക്യൂരിറ്റി സെന്ററിന്റെയും ഒമാൻ റോയൽ നേവിയുടെയും നേതൃത്വത്തിൽ കപ്പലിൽ ഉടനടി രക്ഷാപ്രവർത്തനം നടത്തി.
കൊല്ലപ്പെട്ട സൂരജ് യാദവ് ഒഴികെയുള്ള കപ്പലിലെ മറ്റ് 19 ഇന്ത്യൻ ജീവനക്കാരെയും സുരക്ഷിതമായി ഒഴിപ്പിച്ചു.സംഭവത്തെ തുടർന്ന് മസ്കറ്റിലെ ഇന്ത്യൻ എംബസി ഒമാൻ അധികൃതരുമായി നിരന്തരം സമ്പർക്കം പുലർത്തിവരികയാണ്. രക്ഷപ്പെടുത്തിയ ഇന്ത്യൻ ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാനും, സൂരജ് യാദവിന്റെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാനുമുള്ള അടിയന്തര നടപടികൾ സ്വീകരിച്ചുവരുന്നതായി എംബസി വൃത്തങ്ങൾ അറിയിച്ചു.
അന്താരാഷ്ട്ര സമുദ്രപാതയിൽ ചരക്കുകപ്പലുകൾക്ക് നേരെ തുടർച്ചയായുണ്ടാകുന്ന ആക്രമണങ്ങളെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു. നാവികരുടെ സുരക്ഷ ഉറപ്പാക്കാൻ നയതന്ത്രതലത്തിൽ ശക്തമായ ഇടപെടലുകൾ നടത്തുമെന്നും മന്ത്രാലയം വ്യക്തമാക്കി.
Key Words : Ship Attacked

COMMENTS