വണ്ടൂർ: വണ്ടൂരിൽ ഉച്ചഭക്ഷണത്തെ ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ വീട്ടമ്മയെ ഭർത്താവ് കുത്തിക്കൊന്നു. വണ്ടൂർ കാപ്പിൽ പാറശ്ശേരി സ്വദേശിനി കുന്നുമ...
വണ്ടൂർ: വണ്ടൂരിൽ ഉച്ചഭക്ഷണത്തെ ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ വീട്ടമ്മയെ ഭർത്താവ് കുത്തിക്കൊന്നു. വണ്ടൂർ കാപ്പിൽ പാറശ്ശേരി സ്വദേശിനി കുന്നുമ്മൽ ഫസീല (38) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് കുന്നുമ്മൽ റഷീദിനെ (48) വണ്ടൂർ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്ന് ഉച്ചയോടെയായിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ഉച്ചഭക്ഷണത്തിന് കറിയുണ്ടാക്കുന്നതുമായി ബന്ധപ്പെട്ട് റഷീദും ഫസീലയും തമ്മിൽ തർക്കമുണ്ടാവുകയും, പ്രകോപിതനായ റഷീദ് വീട്ടിലുണ്ടായിരുന്ന കത്തിയെടുത്ത് ഫസീലയെ കുത്തുകയുമായിരുന്നുവെന്നാണ് പ്രാഥമിക വിവരം. നെഞ്ചിന് താഴെ കടുത്ത മുറിവേറ്റ ഫസീല സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു.
റഷീദ് സ്ഥിരമായി മദ്യപിച്ചെത്തി വീട്ടിൽ വഴക്കുണ്ടാക്കാറുണ്ടായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. കൊലപാതകം നടക്കുമ്പോഴും ഇയാൾ കടുത്ത മദ്യലഹരിയിലായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വണ്ടൂർ ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതിയെ ഉടൻ തന്നെ കസ്റ്റഡിയിലെടുത്തു.
ഫസീലയുടെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്‌മോർട്ടത്തിനായി വണ്ടൂരിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഇൻക്വസ്റ്റ് അടക്കമുള്ള നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം നാളെ ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
key words : Wife killed, Murder

COMMENTS