മുംബൈ: ബോളിവുഡിൽ നടൻ പൃഥ്വിരാജ് സുകുമാരന് വീണ്ടും ബോക്സ് ഓഫീസ് തിരിച്ചടി. പൃഥ്വിരാജിനെയും കരീന കപൂറിനെയും പ്രധാന കഥാപാത്രങ്ങളാക്കി പ്രശസ്ത...
മുംബൈ: ബോളിവുഡിൽ നടൻ പൃഥ്വിരാജ് സുകുമാരന് വീണ്ടും ബോക്സ് ഓഫീസ് തിരിച്ചടി. പൃഥ്വിരാജിനെയും കരീന കപൂറിനെയും പ്രധാന കഥാപാത്രങ്ങളാക്കി പ്രശസ്ത സംവിധായിക മേഘ്ന ഗുൽസാർ ഒരുക്കിയ ‘ദായ്റ’ തിയേറ്ററുകളിൽ വലിയ പരാജയത്തിലേക്ക് നീങ്ങുന്നു. സെപ്റ്റംബർ 18-ന് റിലീസ് ചെയ്ത ഈ ക്രൈം-ത്രില്ലർ ചിത്രത്തിന് നിരൂപകരിൽ നിന്ന് മികച്ച അഭിപ്രായം നേടാനായെങ്കിലും, പ്രേക്ഷകരെ തിയേറ്ററുകളിലേക്ക് ആകർഷിക്കാൻ കഴിയുന്നില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഏകദേശം 50 കോടി രൂപ ബജറ്റിൽ നിർമ്മിച്ച ചിത്രത്തിന് ആദ്യ ദിനം ഇന്ത്യയിൽ നിന്ന് വെറും 1 കോടി രൂപ മാത്രമാണ് കളക്ട് ചെയ്യാനായത്. റിലീസ് ചെയ്ത് നാല് ദിവസം പിന്നിടുമ്പോൾ (ആദ്യ വരാന്ത്യം ഉൾപ്പെടെ) വെറും 4.69 കോടി രൂപ മാത്രമാണ് ചിത്രത്തിന്റെ ആകെ നെറ്റ് കളക്ഷൻ. തിങ്കളാഴ്ചയോടെ തിയേറ്ററുകളിൽ വലിയ തോതിൽ ആളുകുറഞ്ഞത് ചിത്രത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തെ കൂടുതൽ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
രണ്ട് വ്യത്യസ്ത ധ്രുവങ്ങളിൽ നിൽക്കുന്ന പോലീസ് ഉദ്യോഗസ്ഥരുടെ കഥ പറയുന്ന ചിത്രത്തിൽ പൃഥ്വിരാജിന്റെയും കരീനയുടെയും പ്രകടനം ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. എന്നാൽ, ഈ കോമ്പോയ്ക്കും ചിത്രത്തെ രക്ഷിക്കാനായില്ല. കഴിഞ്ഞ കുറച്ചുകാലമായി ബോളിവുഡിൽ പൃഥ്വിരാജ് അഭിനയിച്ച മറ്റ് ചിത്രങ്ങളും ബോക്സ് ഓഫീസിൽ പ്രതീക്ഷിച്ച വിജയം നേടിയിരുന്നില്ല. ഇതിന് പിന്നാലെയാണ് വലിയ പ്രതീക്ഷയോടെയെത്തിയ 'ദായ്റ'യും തീയേറ്ററുകളിൽ കിതയ്ക്കുന്നത്.
Key Words : Daayra, Prithviraj Sukumaran, Box office

COMMENTS