മലയാളികളുടെ പ്രിയനടൻ പൃഥ്വിരാജ് സുകുമാരന്റെയും നിർമാതാവ് സുപ്രിയ മേനോന്റെയും മകൾ അലംകൃതയ്ക്ക് പന്ത്രണ്ടാം പിറന്നാൾ. സോഷ്യൽ മീഡിയയിലൂടെ മകൾക്...
മലയാളികളുടെ പ്രിയനടൻ പൃഥ്വിരാജ് സുകുമാരന്റെയും നിർമാതാവ് സുപ്രിയ മേനോന്റെയും മകൾ അലംകൃതയ്ക്ക് പന്ത്രണ്ടാം പിറന്നാൾ. സോഷ്യൽ മീഡിയയിലൂടെ മകൾക്ക് ഹൃദ്യമായ ജന്മദിനാശംസകൾ നേർന്നിരിക്കുകയാണ് ഇരുവരും. സാധാരണയായി മകളുടെ മുഖം വ്യക്തമാകുന്ന ചിത്രങ്ങൾ പങ്കുവെക്കാത്ത ഇവർ, ഇത്തവണ കുടുംബസമേതമുള്ള പുതിയ ചിത്രങ്ങൾക്കൊപ്പമാണ് ആശംസകൾ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്."ചിറകുകൾ വിടർത്തി ഇനിയും ഉയരങ്ങളിലേക്ക് പറക്കുക. ജീവിതത്തെ എന്നും ഇതുപോലെ ഇഷ്ടത്തോടെ ചേർത്തുപിടിക്കുക" എന്നാണ് മകൾക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് പൃഥ്വിരാജ് കുറിച്ചത്. ചുറ്റുമുള്ള ലോകത്തോടുള്ള അലംകൃതയുടെ കാരുണ്യം തങ്ങൾക്ക് പ്രചോദനമാണെന്നും താരം കൂട്ടിച്ചേർത്തു.തന്റെ 'ആലിക്കുട്ടി' ഇത്ര പെട്ടെന്ന് വളർന്നുവെന്ന് വിശ്വസിക്കാൻ കഴിയുന്നില്ലെന്നാണ് സുപ്രിയ മേനോൻ ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്.
"ആശുപത്രിയിൽ നിന്ന് നിന്നെ വീട്ടിലേക്ക് കൊണ്ടുവന്നത് ഇന്നലെ കഴിഞ്ഞതുപോലെ തോന്നുന്നു. ഞങ്ങളുടെ എല്ലാ നല്ല ഗുണങ്ങളും നിന്നിലാണ് ഉള്ളതെന്ന് തോന്നിപ്പോകും; ഒപ്പം ഈ വാക്സാമാർത്ഥ്യവും കുറുമ്പും ആരിൽ നിന്നാണ് കിട്ടിയതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ!" എന്നും സുപ്രിയ തമാശരൂപേണ കുറിച്ചു. എപ്പോഴും സ്നേഹവും കരുണയുമുള്ളവളായിരിക്കാനും മകളുടെ വളർച്ചയിൽ തങ്ങൾ ഏറെ അഭിമാനിക്കുന്നുവെന്നും സുപ്രിയയുടെ കുറിപ്പിലുണ്ട്.2011-ൽ വിവാഹിതരായ പൃഥ്വിരാജിനും സുപ്രിയയ്ക്കും 2014-ലാണ് അലംകൃത ജനിക്കുന്നത്.
നേരത്തെ പൃഥ്വിരാജ് ചിത്രങ്ങളായ 'ഐ, നോബഡി', 'എമ്പുരാൻ' എന്നിവയിൽ പാട്ടുകൾ പാടി അലംകൃത സിനിമാരംഗത്തും തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. താരപുത്രിക്ക് ആശംസകളുമായി നിരവധി ആരാധകരും സിനിമാ സുഹൃത്തുക്കളുമാണ് സോഷ്യൽ മീഡിയയിൽ എത്തുന്നത്.
Key Words : Prithviraj, Supriya, Alamkritha

COMMENTS