കൊച്ചി: സംവിധായകനും ബിഗ് ബോസ് വിജയിയുമായ അഖിൽ മാരാർ സജീവ രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കുന്നു. തന്റെ ജന്മദിനമായ ഇന്ന് സോഷ്യൽ മീഡിയയിലൂട...
കൊച്ചി: സംവിധായകനും ബിഗ് ബോസ് വിജയിയുമായ അഖിൽ മാരാർ സജീവ രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കുന്നു. തന്റെ ജന്മദിനമായ ഇന്ന് സോഷ്യൽ മീഡിയയിലൂടെയാണ് അദ്ദേഹം ഈ നിർണായക പ്രഖ്യാപനം നടത്തിയത്. സമൂഹത്തിൽ സത്യത്തിനും ധർമ്മത്തിനും നീതിക്കും യാതൊരു വിലയുമില്ലെന്ന് താൻ തിരിച്ചറിഞ്ഞതായാണ് രാഷ്ട്രീയ പിന്മാറ്റത്തിന് കാരണമായി അഖിൽ മാരാർ വ്യക്തമാക്കുന്നത്."രാഷ്ട്രീയം ഉപേക്ഷിച്ചതല്ല, സത്യം മുറുകെ പിടിക്കുന്നവന് പറ്റിയതല്ല രാഷ്ട്രീയം എന്ന് സമൂഹം എന്നെ പഠിപ്പിച്ചതാണ്" എന്ന് അദ്ദേഹം ഫെയ്‌സ്ബുക്കിൽ കുറിച്ചു.
അന്ധത മൂടിയ സമൂഹത്തിൽ സത്യം വിളിച്ചു പറഞ്ഞാൽ ഉൾക്കൊള്ളാൻ ബോധമില്ലാത്ത മനുഷ്യർക്കിടയിൽ തനിക്ക് സ്ഥാനമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇനി മുതൽ താൻ ആർക്കും ശല്യമാകില്ലെന്നും, മറ്റുള്ളവർക്ക് വേണ്ടി സംസാരിക്കാതെ നിശബ്ദത പാലിക്കാൻ പോവുകയാണെന്നും അഖിൽ മാരാർ വ്യക്തമാക്കി. "കള്ളന്മാർ നിങ്ങളെ ഭരിക്കട്ടെ... നിങ്ങൾ അവർക്ക് വേണ്ടി വാഴ്ത്തുക്കൾ നേരട്ടെ... മാരാർ സ്വന്തം ജീവിതം ആസ്വദിച്ച് ജീവിക്കും" എന്ന് പറഞ്ഞാണ് അദ്ദേഹം തന്റെ കുറിപ്പ് അവസാനിപ്പിച്ചത്.
കഴിഞ്ഞ കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ ട്വന്റി20 സ്ഥാനാർത്ഥിയായി തൃക്കാക്കരയിൽ നിന്ന് അഖിൽ മാരാർ മത്സരിച്ചിരുന്നു. എന്നാൽ തിരഞ്ഞെടുപ്പിന് ശേഷം പാർട്ടി നേതൃത്വവുമായി ഉണ്ടായ ഭിന്നതകളെ തുടർന്ന് അടുത്തിടെയാണ് അദ്ദേഹം ട്വന്റി20 സഖ്യം വിട്ടത്. ഇതിന് പിന്നാലെയാണ് ഇപ്പോൾ സജീവ രാഷ്ട്രീയത്തിൽ നിന്ന് തന്നെ പൂർണ്ണമായി പിന്മാറാനുള്ള അദ്ദേഹത്തിന്റെ തീരുമാനം പുറത്തുവന്നിരിക്കുന്നത്.
Key Words : Akhil Marar, Politics

COMMENTS