പാലക്കാട്: സിഎംആർഎൽ മാസപ്പടി കേസിൽ ധൈര്യമുണ്ടെങ്കിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ യുഡിഎഫ് സർക്കാരിനെ വെല്ലുവിളിച്ച് സിപിഐ(എം) കേന്ദ്രകമ്മിറ്റി...
പാലക്കാട്: സിഎംആർഎൽ മാസപ്പടി കേസിൽ ധൈര്യമുണ്ടെങ്കിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ യുഡിഎഫ് സർക്കാരിനെ വെല്ലുവിളിച്ച് സിപിഐ(എം) കേന്ദ്രകമ്മിറ്റി അംഗം എ.കെ. ബാലൻ. പാലക്കാട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേസിൽ എഫ്‌ഐആർ ഇട്ടില്ലെങ്കിൽ അതിനർത്ഥം മുൻ മുഖ്യമന്ത്രി പിണറായി വിജയൻ കുറ്റക്കാരനല്ല എന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.മാസപ്പടി കേസിൽ എഫ്‌ഐആർ ഇട്ടാൽ കുടുങ്ങാൻ പോകുന്നത് യുഡിഎഫ് നേതാക്കളായ രമേശ് ചെന്നിത്തലയും കുഞ്ഞാലിക്കുട്ടിയും കൂട്ടരുമായിരിക്കുമെന്നും എ.കെ. ബാലൻ പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട വിജിലൻസ് പരിശോധനകൾ നേരത്തെ തന്നെ കഴിഞ്ഞതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ആര് വിചാരിച്ചാലും പിണറായി വിജയനെയോ അദ്ദേഹത്തിന്റെ കുടുംബത്തെയോ തകർക്കാനാകില്ല. പിണറായി കേരള രാഷ്ട്രീയത്തിൽ വെള്ളത്തിന് മുകളിൽ തലയുയർത്തി തിളങ്ങി നിൽക്കും, മറ്റുള്ളവർ വെള്ളത്തിൽ മുങ്ങുമെന്നും എ.കെ. ബാലൻ അവകാശപ്പെട്ടു.മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ ടി. വീണ എന്നിവർക്കെതിരെ കേസെടുക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നൽകിയ ശുപാർശയിൽ സംസ്ഥാന സർക്കാരിന് അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം ലഭിച്ച പശ്ചാത്തലത്തിലാണ് എ.കെ. ബാലന്റെ ഈ ശക്തമായ പ്രതികരണം.
Key Words : A.K. Balan, FIR, Masappadi Case

COMMENTS