ന്യൂഡൽഹി: പറക്കുന്നതിനിടെ വിമാനം പെട്ടെന്ന് 300 അടി താഴേക്ക് പതിച്ച സംഭവത്തിൽ, ലഹരിമരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയ പൈലറ്റ് ഇൻ കമാൻഡിനെ എയർ...
ന്യൂഡൽഹി: പറക്കുന്നതിനിടെ വിമാനം പെട്ടെന്ന് 300 അടി താഴേക്ക് പതിച്ച സംഭവത്തിൽ, ലഹരിമരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയ പൈലറ്റ് ഇൻ കമാൻഡിനെ എയർ ഇന്ത്യ ജോലിയിൽനിന്ന് പിരിച്ചുവിട്ടു. ഓഗസ്റ്റ് 4-ന് ഫുക്കെറ്റിൽനിന്ന് ഡൽഹിയിലേക്ക് വരികയായിരുന്ന വിമാനത്തിലാണ് സംഭവം നടന്നത്.
എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (AAIB) സമർപ്പിച്ച പ്രാഥമിക അന്വേഷണ റിപ്പോർട്ടിലാണ് പൈലറ്റ് ലഹരിമരുന്ന് ഉപയോഗിച്ചിരുന്നതായി സ്ഥിരീകരിച്ചത്. ഡൽഹിയിൽ വിമാനമിറങ്ങിയ ശേഷം നടത്തിയ പരിശോധനകളിലാണ് പൈലറ്റ് ലഹരി ഉപയോഗിച്ചതായി തെളിഞ്ഞത്. സംഭവത്തിൽ ഡിജിസിഎ (DGCA) അനുയോജ്യമായ തുടർനടപടികൾ സ്വീകരിക്കണമെന്ന് റിപ്പോർട്ടിൽ നിർദേശമുണ്ട്.
സുരക്ഷാ മാനദണ്ഡങ്ങളിലും നിർബന്ധിത വ്യവസ്ഥകളിലും വീഴ്ച വരുത്തുന്നവരോട് വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് കമ്പനിയുടേതെന്നും, യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പൈലറ്റിനെ ഉടനടി പിരിച്ചുവിട്ടതെന്നും എയർ ഇന്ത്യ വ്യക്തമാക്കി.
3 കുട്ടികൾ ഉൾപ്പെടെ 137 യാത്രക്കാരും 8 ജീവനക്കാരും (6 കാബിൻ ക്രൂ, 2 ഫ്ലൈറ്റ് ക്രൂ) അടക്കം 145 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. അപകടത്തിൽ 20 യാത്രക്കാർക്കും 4 ക്രൂ അംഗങ്ങൾക്കും പരുക്കേറ്റിരുന്നു. ഈ സംഭവത്തെ തുടർന്ന് എയർ ഇന്ത്യയിലെയും എയർ ഇന്ത്യ എക്സ്പ്രസിലെയും എല്ലാ പൈലറ്റുമാർക്കും ലഹരി നിർണയ പരിശോധന കമ്പനി നിർബന്ധമാക്കിയിട്ടുണ്ട്.
Key Words : Air India, Pilot

COMMENTS