ന്യൂഡൽഹി: ഡൽഹിയിൽ നടന്ന പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുത്തു മടങ്ങിയ അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ...
ന്യൂഡൽഹി: ഡൽഹിയിൽ നടന്ന പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുത്തു മടങ്ങിയ അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ മാതൃകാപരമായ പെരുമാറ്റം സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. വിമാനത്താവളത്തിൽ എത്തിയ അദ്ദേഹം, തന്നെ കാറോടിച്ച് എത്തിച്ച ഇന്ത്യൻ ഡ്രൈവർക്ക് അരികിലേക്ക് തിരികെ നടന്നുചെന്ന് കൈകൊടുത്ത് നന്ദി പറയുന്ന വിഡിയോയാണ് വൈറലായത്.
ഉച്ചകോടിക്കുശേഷം വിമാനത്താവളത്തിൽ എത്തിയ ഷെയ്ഖ് ഖാലിദ്, ഔദ്യോഗിക പ്രതിനിധികളോട് യാത്രപറഞ്ഞ് വിമാനത്തിലേക്ക് നീങ്ങാൻ ഒരുങ്ങുമ്പോഴാണ് ഡ്രൈവറോട് യാത്ര പറഞ്ഞില്ലെന്ന കാര്യം ഓർക്കുന്നത്. തുടർന്ന് പെട്ടെന്ന് തന്നെ കാറിന് അരികിലേക്ക് തിരികെ നടക്കുകയും ഡ്രൈവർക്ക് ഹസ്തദാനം നൽകി കുറച്ചുസമയം സംസാരിക്കുകയും ചെയ്തു. സാധാരണക്കാരനായ ഒരു ജീവനക്കാരനോട് യുഎഇ ഭരണാധികാരി കാണിച്ച വിനയത്തെ പ്രശംസിച്ച് നിരവധി പേരാണ് വിഡിയോ പങ്കുവെക്കുന്നത്.
സെപ്റ്റംബർ 12, 13 തീയതികളിൽ ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടന്ന ബ്രിക്സ് ഉച്ചകോടിയിൽ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ പ്രതിനിധീകരിച്ചാണ് കിരീടാവകാശി പങ്കെടുത്തത്. സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹം ഉഭയകക്ഷി ചർച്ചകൾ നടത്തി.
ഊർജ വിതരണം, വ്യാപാരം, നിർമിത ബുദ്ധി, സാമ്പത്തിക സഹകരണം, വിദ്യാഭ്യാസം, ടൂറിസം എന്നീ മേഖലകളിലെ സഹകരണവും പശ്ചിമേഷ്യൻ പ്രതിസന്ധിയുടെ പശ്ചാത്തലത്തിലുള്ള പ്രാദേശിക സുരക്ഷ, ഇന്ത്യൻ നാവികരുടെ സുരക്ഷിതത്വം, ബ്രിക്സ് കൂട്ടായ്മയിലെ യുഎഇയുടെ പങ്കാളിത്തം എന്നിവയും ഇരുനേതാക്കളും തമ്മിലുള്ള ചർച്ചകളിൽ വിഷയമായി.
Key Words : Abu Dhabi Prince, Indian Driver, Brics

COMMENTS