കോട്ടയം : ചെക്ക് കേസിൽ ശിക്ഷിക്കപ്പെട്ട സാഹചര്യത്തിൽ പാലാ എംഎൽഎ മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. കേസിലെ പ...
കോട്ടയം : ചെക്ക് കേസിൽ ശിക്ഷിക്കപ്പെട്ട സാഹചര്യത്തിൽ പാലാ എംഎൽഎ മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. കേസിലെ പരാതിക്കാരനായ പ്രവാസി വ്യവസായി ദിനേശ് മേനോനാണ് ഹർജി നൽകിയത്. ചെക്ക് കേസിൽ കോടതി ശിക്ഷ വിധിച്ച ദിവസം മുതൽ മാണി സി കാപ്പൻ അയോഗ്യനാണ് എന്നാണ് പരാതിക്കാരൻ ആരോപിക്കുന്നത്.
ഇതേ ആവശ്യം ഉന്നയിച്ച് പരാതിക്കാരൻ നേരത്തെ സ്പീക്കർക്ക് കത്ത് നൽകിയിരുന്നു. എന്നാൽ സ്പീക്കർ വിഷയത്തിൽ യാതൊരുവിധ നടപടിയും കൈക്കൊണ്ടില്ലെന്നും പരാതിക്കാരന്റെ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ഹര്‍ജി തിങ്കളാഴ്ച കോടതി പരിഗണിക്കും. അതേസമയം, കേസിലെ നടപടി നീട്ടിക്കൊണ്ടു പോകാൻ സ്പീക്കർ ശ്രമിക്കുകയാണെന്നും പരാതിക്കാരൻ പറഞ്ഞു.
ഹർജി തീർപ്പാക്കുന്നത് വരെ എംഎൽഎ എന്ന നിലയിലുള്ള ആനുകൂല്യങ്ങൾ മാണി സി കാപ്പന് തടയണമെന്നും ഹർജിയിൽ പരാതിക്കാരൻ ആവശ്യപ്പട്ടിട്ടുണ്ട്. പാലായിൽ ഉപതെരഞ്ഞെടുപ്പ് നടത്താൻ തെരഞ്ഞെടുപ്പ് കമ്മീഷന് നിർദേശം നൽകണമെന്നും ഹര്‍ജിയില്‍ ആവശ്യമുണ്ട്. മുംബൈ ബോറിവലി മജിസ്ട്രേറ്റ് കോടതിയാണ് പാലാ എംഎൽഎ മാണി സി കാപ്പനെ ഒരുവർഷം തടവിന് ശിക്ഷിച്ചത്.
കണ്ണൂർ വിമാനത്താവളത്തിൽ ഓഹരി പങ്കാളിത്തം വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന ദിനേഷ് മേനോൻ്റെ പരാതി അടക്കം 4 കേസുകളിലാണ് നടപടി. വിധി പ്രസ്താവിക്കുന്ന സമയത്ത് കോടതിയിൽ ഹാജരാകാതിരുന്നതിനെ തുടർന്ന് കാപ്പനെതിരെ കോടതി ജാമ്യമില്ലാ വാറണ്ടും പുറപ്പെടുവിച്ചിരുന്നു. മൂന്നുകോടിയിലധികം രൂപ മാണി സി കാപ്പൻ തട്ടിയതായാണ് കേസ്. അതിനിടെ, കഴിഞ്ഞ ദിവസം മാണി സി കാപ്പന് എതിരായ ജാമ്യമില്ലാ വാറണ്ട് കോടതി പിൻവലിച്ചിരുന്നു.
കാപ്പൻ നേരിട്ട് കോടതിയിൽ ഹാജരായി അപേക്ഷ നൽകിയതിനെ തുടർന്നാണ് വാറണ്ട് പിൻവലിച്ചത്. ശിക്ഷാ വിധിക്കെതിരെ മേൽക്കോടതിയിൽ അപ്പീൽ പോകാനാണ് മാണി സി കാപ്പന്റെ നീക്കം. കേസിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളെന്നാണ് കാപ്പൻ പറയുന്നത്. വിധിക്കെതിരെ അപ്പീൽ നൽകാൻ മുപ്പത് ദിവസത്തെ സാവകാശം ലഭിച്ചിട്ടുണ്ടെന്നും അന്തിമവിധി വന്നിട്ടില്ലെന്നും മാണി സി കാപ്പൻ പറഞ്ഞു.
അതേസമയം, മാണി സി കാപ്പനെതിരായ വിധി രാഷ്ട്രീയ ആയുധമാക്കുകയാണ് പ്രതിപക്ഷം. മാണി സി കാപ്പൻ പാലാ നിയോജക മണ്ഡലത്തിന് തന്നെ അപമാനകരമാണെന്ന് ജോസ് കെ മാണി പ്രതികരിച്ചത്.
Key Words : High Court, Pala MLA Mani C. Kappan, Cheque Case

COMMENTS