പത്തനംതിട്ട: ശബരിമല സന്നിധാനത്തെ സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരുന്ന 55.72 പവൻ തൂക്കമുള്ള സ്വർണക്കിരീടം കാണാതായതായി റിപ്പോർട്ട്. ഹൈക്കോടതി നിർദേശ...
പത്തനംതിട്ട: ശബരിമല സന്നിധാനത്തെ സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരുന്ന 55.72 പവൻ തൂക്കമുള്ള സ്വർണക്കിരീടം കാണാതായതായി റിപ്പോർട്ട്. ഹൈക്കോടതി നിർദേശപ്രകാരം ജസ്റ്റിസ് കെ.ടി. ശങ്കരന്റെ നേതൃത്വത്തിൽ തിരുവാഭരണങ്ങളുടെയും മറ്റ് അമൂല്യവസ്തുക്കളുടെയും കണക്കെടുപ്പ് നടത്തുന്നതിനിടയിലാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിനെ പ്രതിരോധത്തിലാക്കിയ ഗുരുതരമായ സംഭവം പുറത്തുവന്നത്.
2012-ൽ തമിഴ്‌നാട്ടിൽ നിന്നുള്ള ഭക്തർ അയ്യപ്പ സ്വാമിക്ക് സമർപ്പിച്ച സ്വർണക്കിരീടമാണ് കാണാതായത്. സ്ട്രോങ് റൂമിൽ പരിശോധന നടത്തിയപ്പോൾ യഥാർഥ കിരീടത്തിന് പകരം അതേ മാതൃകയിലുള്ള മുക്കുപണ്ടം (ഡ്യൂപ്ലിക്കറ്റ് കിരീടം) വെച്ചിരിക്കുന്നതായാണ് കണക്കെടുപ്പ് സംഘം കണ്ടെത്തിയത്. 2012-ൽ സമർപ്പിക്കുമ്പോൾ ഈ കിരീടത്തിന് 445.78 ഗ്രാം (55.72 പവൻ) തൂക്കമുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ സ്ട്രോങ് റൂമിലുള്ള വ്യാജ കിരീടത്തിന് 240 ഗ്രാം മാത്രമാണ് തൂക്കമുള്ളത്. കാണാതായ കിരീടത്തിന് നിലവിലെ വിപണിയിൽ ഏകദേശം 62 ലക്ഷം രൂപയിലധികം വിലവരും.
കിരീടം സൂക്ഷിച്ചിരുന്ന സന്നിധാനത്തെ സ്ട്രോങ് റൂമിൽ സിസിടിവി ക്യാമറകൾ ഇല്ലായിരുന്നു എന്നത് വലിയ സുരക്ഷാവീഴ്ചയായി ചൂണ്ടിക്കാണിക്കപ്പെടുന്നു. സാധാരണയായി സന്നിധാനത്ത് ലഭിക്കുന്ന വിലപിടിപ്പുള്ള വസ്തുക്കൾ താൽക്കാലികമായി ഇവിടെ സൂക്ഷിച്ച ശേഷം ആറന്മുളയിലെ ദേവസ്വം ബോർഡ് സ്ട്രോങ് റൂമിലേക്ക് മാറ്റേണ്ടതാണെങ്കിലും ഈ കിരീടം മാറ്റിയിരുന്നില്ല. അതേസമയം, വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ സ്വർണക്കിരീടം നഷ്ടപ്പെട്ടിട്ടില്ലെന്ന് തിരുവാഭരണം കമ്മീഷണർ ദേവസ്വം കമ്മീഷണർക്ക് വിശദീകരണം നൽകി. യഥാർഥ കിരീടവും അതിന്റെ അതേ മാതൃകയിലുള്ള മറ്റൊരു ഫാൻസി കിരീടവും സ്ട്രോങ് റൂമിൽ തന്നെയുണ്ടെന്നാണ് കമ്മീഷണറുടെ അവകാശവാദം. എന്നാൽ, വാർത്തകളിലൂടെയാണ് വിവരം അറിഞ്ഞതെന്നും കിരീടം നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ അത് അതീവ ഗുരുതരമായ കാര്യമാണെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ വ്യക്തമാക്കി. വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ കർശന നടപടിയുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. കണക്കെടുപ്പ് പൂർത്തിയാക്കി ഹൈക്കോടതിയിൽ സമർപ്പിക്കുന്ന അന്തിമ റിപ്പോർട്ടോടെ മാത്രമേ യഥാർഥ വസ്തുത പുറത്തുവരൂ.
Key Words : Sabarimala, Gold Crown Theft

COMMENTS