ന്യൂഡൽഹി: രാജ്യത്തെ യുപിഐ (UPI) ഇടപാടുകൾക്ക് യാതൊരുവിധ നികുതിയും ചുമത്തില്ലെന്നും ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനം പൂർണ്ണമായും സൗജന്യമായി തുടരു...
ന്യൂഡൽഹി: രാജ്യത്തെ യുപിഐ (UPI) ഇടപാടുകൾക്ക് യാതൊരുവിധ നികുതിയും ചുമത്തില്ലെന്നും ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനം പൂർണ്ണമായും സൗജന്യമായി തുടരുമെന്നും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റിൽ വ്യക്തമാക്കി. കഴിഞ്ഞ ആഴ്ച ലോക്സഭ പാസാക്കിയ 'ടാക്സേഷൻ ആൻഡ് അദർ ലോസ് (ഭേദഗതി) ബിൽ' രാജ്യസഭയും പാസാക്കിയതോടെയാണ് ബില്ലിന് പാർലമെന്റിന്റെ അന്തിമ അംഗീകാരമായത്.പേയ്മെന്റ് ആൻഡ് സെറ്റിൽമെന്റ് സിസ്റ്റംസ് ആക്ടിലെ നിർണായകമായ സെക്ഷൻ 10A ഭേദഗതി ചെയ്യുന്നതാണ് പുതിയ നിയമം. രാജ്യത്തെ ഡിജിറ്റൽ ഇടപാടുകൾ ജനപ്രിയമാക്കുന്നതിൽ വലിയ പങ്കുവഹിച്ച 'സീറോ-എംഡിആർ' (Zero-MDR) ചാർജ് ഘടനയിൽ മാറ്റം വരുത്താൻ സർക്കാരിന് അധികാരം നൽകുന്നതാണ് ഈ ഭേദഗതി.
എന്നാൽ ഇത് സാധാരണക്കാരായ ഉപഭോക്താക്കളെ യാതൊരു തരത്തിലും ബാധിക്കില്ലെന്ന് ധനമന്ത്രി ഉറപ്പുനൽകി.സാധാരണക്കാർ നടത്തുന്ന വ്യക്തിഗത ഇടപാടുകൾക്കും (P2P), വഴിയോര കച്ചവടക്കാർ ഉൾപ്പെടെയുള്ള ചെറുകിട വ്യാപാരികളുടെ ഇടപാടുകൾക്കും യുപിഐ പൂർണ്ണമായും സൗജന്യമായിരിക്കും.
അതേസമയം, ഡിജിറ്റൽ പേയ്മെന്റ് ശൃംഖലയുടെ സുരക്ഷിതത്വവും ബാങ്കുകളുടെ സാമ്പത്തിക ഭദ്രതയും മുൻനിർത്തി, ഭാവിയിൽ വലിയ വ്യാപാരി ഇടപാടുകൾക്ക് മാത്രം നാമമാത്രമായ എംഡിആർ (MDR) ചാർജ് ഏർപ്പെടുത്താൻ സർക്കാരിന് ഈ നിയമം വഴി സാധിക്കും.നിയമം പാസാക്കിയെങ്കിലും യുപിഐക്ക് ഉടനടി യാതൊരുവിധ ചാർജുകളും പ്രാബല്യത്തിൽ വരികയില്ല. ഭാവിയിൽ ഏതെങ്കിലും തരത്തിലുള്ള വ്യാപാരി ചാർജ് കൊണ്ടുവരണമോ എന്ന കാര്യം നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുമായി (NPCI) ആലോചിച്ച ശേഷം മാത്രമേ സർക്കാർ തീരുമാനിക്കുകയുള്ളൂവെന്നും ധനമന്ത്രി വ്യക്തമാക്കി.
Key Words : UPI Transaction, Payment, Settlement

COMMENTS