ആലപ്പുഴ: പൊതുവേദിയിൽ നിന്നും മടങ്ങാൻ ഔദ്യോഗിക വാഹനം യഥാസമയം എത്താഞ്ഞതിനെ തുടർന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി വീണ്ടും ഓട്ടോറിക്ഷയെ ആശ്രയിച്...
ആലപ്പുഴ: പൊതുവേദിയിൽ നിന്നും മടങ്ങാൻ ഔദ്യോഗിക വാഹനം യഥാസമയം എത്താഞ്ഞതിനെ തുടർന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി വീണ്ടും ഓട്ടോറിക്ഷയെ ആശ്രയിച്ചു. ആലപ്പുഴ നഗരത്തിലെ സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടന ചടങ്ങിന് ശേഷമായിരുന്നു നാടകീയ രംഗങ്ങൾ.ഉദ്ഘാടനം കഴിഞ്ഞ് പുറത്തിറങ്ങിയ മന്ത്രിക്ക് തന്റെ ഔദ്യോഗിക വാഹനം പെട്ടെന്ന് കണ്ടെത്താനായില്ല.
വാഹനം സമീപത്തു തന്നെയുണ്ടെന്ന് പോലീസും ജീവനക്കാരും അറിയിച്ചെങ്കിലും, കാത്തുനിൽക്കാൻ സുരേഷ് ഗോപി തയ്യാറായില്ല. തുടർന്ന് റോഡരികിൽ കണ്ട ഓട്ടോറിക്ഷ കൈകാട്ടി വിളിച്ച് അദ്ദേഹം താമസസ്ഥലത്തേക്ക് തിരിക്കുകയായിരുന്നു.കേന്ദ്രമന്ത്രി ഓട്ടോറിക്ഷയിൽ കയറിയതോടെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന പോലീസുകാരും ജീവനക്കാരും പരിഭ്രാന്തരായി. തുടർന്ന് മന്ത്രി സഞ്ചരിച്ച ഓട്ടോറിക്ഷയ്ക്ക് പിന്നാലെ രണ്ട് പോലീസ് വാഹനങ്ങൾ അകമ്പടിയായി പോയി.
ഏകദേശം രണ്ട് കിലോമീറ്ററോളം ഓട്ടോറിക്ഷയിൽ സഞ്ചരിച്ച ശേഷമാണ് മന്ത്രി പിന്നീട് ഔദ്യോഗിക വാഹനത്തിലേക്ക് മാറിയത്.നേരത്തെ തൃശ്ശൂരിലും മണ്ണാറശാലയിലും സമാനമായ രീതിയിൽ ഔദ്യോഗിക വാഹനം ഒഴിവാക്കി സുരേഷ് ഗോപി ഓട്ടോറിക്ഷയിൽ യാത്ര ചെയ്തത് വലിയ വാർത്തയായിരുന്നു. ഇതിന് പിന്നാലെയാണ് ആലപ്പുഴയിലും സമാനമായ സംഭവം ആവർത്തിച്ചത്.
Key Words : Union Minister Suresh Gopi, Autorickshaw, Alappuzha

COMMENTS