കീവ്: ഇലോൺ മസ്കിന്റെ സ്റ്റാർലിങ്ക് നെറ്റ്‌വർക്കിന് ബദലായി റഷ്യ വികസിപ്പിക്കുന്ന സാറ്റലൈറ്റ് ഇന്റർനെറ്റ് ശൃംഖലയെ ലക്ഷ്യമിട്ട് യുക്രെയ്ന്റെ വൻ...
കീവ്: ഇലോൺ മസ്കിന്റെ സ്റ്റാർലിങ്ക് നെറ്റ്‌വർക്കിന് ബദലായി റഷ്യ വികസിപ്പിക്കുന്ന സാറ്റലൈറ്റ് ഇന്റർനെറ്റ് ശൃംഖലയെ ലക്ഷ്യമിട്ട് യുക്രെയ്ന്റെ വൻ മിസൈൽ ആക്രമണം.
റഷ്യയിലെ സമാര മേഖലയിലുള്ള പ്രമുഖ റോക്കറ്റ് നിർമ്മാണ കേന്ദ്രമായ 'പ്രോഗ്രസ് റോക്കറ്റ് ആൻഡ് സ്പേസ് സെന്ററിന്' നേരെയാണ് യുക്രെയ്ൻ ദീർഘദൂര മിസൈലുകൾ വർഷിച്ചത്. ഇതിനൊപ്പം നിഷ്നി നൊവ്ഗൊറോഡ് മേഖലയിലെ റഷ്യൻ സൈനിക വ്യോമതാവളത്തിന് നേരെയും യുക്രെയ്ൻ കനത്ത ആക്രമണം നടത്തി.
യുക്രെയ്ൻ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത 'ഫ്ലെമിംഗോ' ക്രൂയിസ് മിസൈലുകളാണ് ആക്രമണത്തിന് ഉപയോഗിച്ചത്.യുദ്ധത്തിൽ യുക്രെയ്ൻ സൈന്യത്തിന് ഡ്രോൺ പ്രവർത്തനങ്ങൾക്കും ആശയവിനിമയത്തിനും സ്റ്റാർലിങ്ക് നൽകുന്ന സാങ്കേതിക മേധാവിത്വം തകർക്കാൻ റഷ്യ വികസിപ്പിച്ചുവരുന്ന 'റാസ്‌വെറ്റ്' (Rassvet) സാറ്റലൈറ്റ് ശൃംഖലയെ തളർത്തുക എന്നതായിരുന്നു കീവിന്റെ പ്രധാന ലക്ഷ്യം.
റാസ്‌വെറ്റ് ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനുള്ള 'സോയൂസ്-2' റോക്കറ്റുകൾ നിർമ്മിക്കുന്നത് ആക്രമണം നേരിട്ട പ്രോഗ്രസ് കേന്ദ്രത്തിലാണ്. ആക്രമണത്തിൽ ഇവിടുത്തെ ഇലക്ട്രോണിക്സ് അസംബ്ലിങ് വർക്ക്‌ഷോപ്പിന് കാര്യമായ കേടുപാടുകൾ സംഭവിച്ചതായി ഉപഗ്രഹ ചിത്രങ്ങൾ വ്യക്തമാക്കുന്നു.യുക്രെയ്നെതിരെ ബോംബാക്രമണം നടത്തുന്ന മിഗ്-31 ഉൾപ്പെടെയുള്ള അത്യാധുനിക യുദ്ധവിമാനങ്ങൾ നിലയുറപ്പിച്ചിരുന്ന റഷ്യൻ വ്യോമതാവളവും ആക്രമിക്കപ്പെട്ടവയിൽ ഉൾപ്പെടുന്നു.
യുക്രെയ്ൻ അതിർത്തിയിൽ നിന്ന് ഏകദേശം 900 കിലോമീറ്റർ ഉള്ളിലായുള്ള അതീവ സുരക്ഷാ മേഖലകളിലാണ് ഈ ആക്രമണങ്ങൾ നടന്നതെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി സ്ഥിരീകരിച്ചു. എന്നാൽ, യുക്രെയ്ന്റെ മിസൈലുകളെ വ്യോമപ്രതിരോധ സംവിധാനം വഴി തകർത്തതായും വ്യാവസായിക മേഖലകളിൽ ചെറിയ നാശനഷ്ടങ്ങൾ മാത്രമാണ് ഉണ്ടായതെന്നുമാണ് റഷ്യൻ അധികൃതരുടെ ഔദ്യോഗിക പ്രതികരണം.
Key Words : Ukraine, Missile Attack, Russian Satellite Internet Network

COMMENTS