തിരുവനന്തപുരം : യു ഡി എഫ് സർക്കാർ ബാഹ്യശക്തികളുടെ സമ്മർദ്ദഫലമായാണ് പ്രവർത്തിക്കുന്നതെന്ന് ബി ജെ പി ദേശീയ സെക്രട്ടറി കെ സുരേന്ദ്രൻ. തീവ്രചിന്...
തിരുവനന്തപുരം : യു ഡി എഫ് സർക്കാർ ബാഹ്യശക്തികളുടെ സമ്മർദ്ദഫലമായാണ് പ്രവർത്തിക്കുന്നതെന്ന് ബി ജെ പി ദേശീയ സെക്രട്ടറി കെ സുരേന്ദ്രൻ. തീവ്രചിന്താഗതിക്കാരുടെ സ്വാധീനത്തിലായതു കൊണ്ടാണ് പിഎം ശ്രീ നടപ്പിലാക്കാൻ സർക്കാർ വൈകുന്നതെന്നും കോഴിക്കോട് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
പിഎം ശ്രീ ഭരണപരമായി നടപ്പാക്കാനാവാത്തത് മുസ്ലിം ലീഗ്, ജമാഅത്തെ ഇസ്ലാമി സമർദ്ദഫലമായാണ്. കോൺഗ്രസ് ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളും പിഎം ശ്രീ നടപ്പാക്കിയതാണ്. എന്നാൽ ലീഗും മതമൗലികശക്തികളും കേരളത്തിൽ കേന്ദ്ര പദ്ധതികളെ എതിർക്കുന്നു.
സ്വാതന്ത്ര്യദിനത്തിൽ കോൺഗ്രസ് ഭരിക്കുന്ന കർണാടകയിലും ഹിമാചലിലും തെലങ്കാനയിലും വന്ദേമാതരം പൂർണമായും ആലപിച്ചപ്പോൾ കേരളത്തിൽ നാലുവരി പോലും പാടാൻ വി ഡി സതീശൻ തയ്യാറായില്ല. കേരളത്തിൽ മാത്രം എന്താണ് ദേശീയ പാർട്ടിയായ കോൺഗ്രസിന് മറ്റൊരു നയമെന്ന് മനസിലാകുന്നില്ല. കേരളത്തിലെ സർക്കാർ തീവ്രചിന്താഗതിക്കാർക്ക് കീഴടങ്ങുകയാണ്. ആശയപരമായും രാഷ്ട്രീയമായും കോൺഗ്രസ് വർഗീയ ശക്തികൾക്ക് കീഴടങ്ങിയെന്നും സുരേന്ദ്രൻ പറഞ്ഞു.
കഴിഞ്ഞ അഞ്ചു വർഷമായി പ്രതിപക്ഷത്തിരുന്നപ്പോൾ വി ഡി സതീശൻ പറഞ്ഞത് എക്സാലോജിക് കേസിൽ ബി ജെ പി സി പി എമ്മിനെ സഹായിക്കുകയാണെന്നായിരുന്നു. കേസിൽ ഇ ഡി ഗുരുതരമായ കാര്യങ്ങൾ കണ്ടെത്തിയപ്പോൾ എന്തുകൊണ്ടാണ് സതീശൻ മിണ്ടാത്തത്?
മോദി പിണറായിയെ രക്ഷിക്കുകയാണെന്ന് പറഞ്ഞിരുന്ന സതീശൻ അന്വേഷണം അന്തിമഘട്ടത്തിലേക്ക് കടക്കുമ്പോൾ മൗനിബാബയായി മാറുന്നു. പിണറായി വിജയൻ സർക്കാരിൻ്റെ കാർബൺ കോപ്പിയായി വി ഡി സതീശൻ സർക്കാർ മാറി കഴിഞ്ഞു. എൽ ഡി എഫ്- യു ഡി എഫ് സർക്കാരുകൾ തമ്മിൽ ഭരണപരമായി ഒരു വ്യത്യാസവുമില്ല.
പ്രതിപക്ഷ നേതാവായി തുടരാൻ പിണറായി വിജയന് അർഹതയില്ല. അദ്ദേഹം രാജിവെക്കണമെന്നാണ് ബി ജെ പി നിലപാട്. മടിയിൽ കനമില്ലെങ്കിൽ എന്തിനാണ് മുഹമ്മദ് റിയാസ് അന്വേഷണത്തെ പേടിക്കുന്നത്. സി പി എമ്മുകാർക്ക് പോലും കാര്യം മനസിലായതുകൊണ്ടാണ് ആരും ഇഡിക്കെതിരെ പ്രതികരിക്കാത്തതെന്നും കെസുരേന്ദ്രൻ പറഞ്ഞു.
Key Words : UDF Government, K Surendran

COMMENTS