ന്യൂഡൽഹി: ഡൽഹിയിലെ തിക്രി കലാനിൽ ഇന്ധനം നിറയ്ക്കുന്നതിനിടെ ട്രക്കിന്റെ സിഎൻജി സിലിണ്ടർ പൊട്ടിത്തെറിച്ച് മൂന്ന് പേർ മരിച്ചു. അപകടത്തിൽ പരിക്ക...
ന്യൂഡൽഹി: ഡൽഹിയിലെ തിക്രി കലാനിൽ ഇന്ധനം നിറയ്ക്കുന്നതിനിടെ ട്രക്കിന്റെ സിഎൻജി സിലിണ്ടർ പൊട്ടിത്തെറിച്ച് മൂന്ന് പേർ മരിച്ചു. അപകടത്തിൽ പരിക്കേറ്റ അഞ്ച് പേർ ആശുപത്രിയിൽ ഗുരുതരാവസ്ഥയിലാണ്. ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3:37 ഓടെയാണ് സംഭവം.തിക്രി കലാനിലെ സിഎൻജി സ്റ്റേഷനിൽ വെച്ച് ട്രക്കിലേക്ക് ഇന്ധനം നിറച്ചുകൊണ്ടിരുന്നപ്പോഴാണ് അതിശക്തമായ സ്ഫോടനം ഉണ്ടായത്. ഇന്ധനം നിറച്ചുകൊണ്ടിരുന്ന മനീഷ് (25) എന്ന പമ്പ് ജീവനക്കാരൻ സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു.
പരിക്കേറ്റ് ചികിത്സയിലായിരുന്ന മറ്റ് രണ്ട് പേർ കൂടിയാണ് പിന്നീട് മരണത്തിന് കീഴടങ്ങിയത്. മരിച്ച മൂന്ന് പേരും സിഎൻജി പമ്പിലെ ജീവനക്കാരാണ്. സ്ഫോടനത്തിന്റെ ആഘാതത്തിൽ ട്രക്കിന്റെ പിൻഭാഗം പൂർണ്ണമായും തകർന്നു. വിവരമറിഞ്ഞ് ഡൽഹി ഫയർ സർവീസിന്റെ ആറ് യൂണിറ്റുകൾ ഉടൻ തന്നെ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ ഡൽഹി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിലിണ്ടറിലെ അമിത മർദ്ദമാണോ അതോ മറ്റ് സാങ്കേതിക തകരാറുകളാണോ അപകടത്തിന് കാരണമെന്ന് പരിശോധിച്ചുവരികയാണ്.
Key Words : CNG cylinder explosion, Delhi

COMMENTS