ബെർലിൻ: ജർമനിയിലെ ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള സംസ്ഥാനമായ നോർത്ത് റൈൻ-വെസ്റ്റ്ഫാലിയയിൽ (NRW) ചരിത്രത്തിലെ ഏറ്റവും വലിയ കാട്ടുതീ. ജർമനി-ബെൽ...
ബെർലിൻ: ജർമനിയിലെ ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള സംസ്ഥാനമായ നോർത്ത് റൈൻ-വെസ്റ്റ്ഫാലിയയിൽ (NRW) ചരിത്രത്തിലെ ഏറ്റവും വലിയ കാട്ടുതീ. ജർമനി-ബെൽജിയം അതിർത്തിയിലുള്ള ചരിത്രപ്രസിദ്ധമായ ഹ്യൂർട്ട്ഗൻ ഫോറസ്റ്റിലാണ് വൻ അഗ്നിബാധ ഉണ്ടായത്. ഏകദേശം 200 മുതൽ 300 ഹെക്ടറോളം വനഭൂമി ഇതിനകം കത്തിയമർന്നതായാണ് പ്രാഥമിക വിവരം.തീ അതിവേഗം ജനവാസ മേഖലകളിലേക്ക് പടർന്നതിനെത്തുടർന്ന് ഹ്യൂർട്ട്ഗൻവാൾഡ് മുനിസിപ്പാലിറ്റിയിലെ ഗേ ഗ്രാമത്തിൽ നിന്നും രണ്ടായിരത്തിലധികം താമസക്കാരെ അടിയന്തരമായി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു.
കനത്ത പുകയും ചൂടും കാരണം പ്രദേശത്തെ വ്യോമഗതാഗതത്തിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. രണ്ടാം ലോകമഹായുദ്ധ കാലത്തെ പൊട്ടിത്തെറിക്കാത്ത ബോംബുകളും വെടിക്കോപ്പുകളും കാടിനുള്ളിൽ അവശേഷിക്കുന്നത് രക്ഷാപ്രവർത്തനത്തിന് കടുത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്. തീയുടെ ചൂടേറ്റ് പലയിടങ്ങളിലും സ്ഫോടനങ്ങൾ ഉണ്ടായതായി അഗ്നിശമന സേന അറിയിച്ചു.
അതുകൊണ്ട് തന്നെ ജീവനക്കാർക്ക് കാടിനുള്ളിലേക്ക് നേരിട്ട് പ്രവേശിക്കാൻ സാധിക്കാത്തത് തീയണയ്ക്കൽ ദുഷ്കരമാക്കി. നിലവിൽ ഹെലികോപ്റ്ററുകൾ ഉപയോഗിച്ചാണ് വനത്തിൽ വെള്ളം കോരിയൊഴിക്കുന്നത്.ദിവസങ്ങൾ നീണ്ട കഠിനശ്രമങ്ങൾക്കൊടുവിൽ തീ ഇപ്പോൾ ഭാഗികമായി നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്. വനമേഖലയിലെ കടുത്ത വരൾച്ചയും ഉയർന്ന താപനിലയുമാണ് തീ ഇത്ര വേഗത്തിൽ പടരാൻ കാരണമായതെന്ന് കാലാവസ്ഥാ നിരീക്ഷകർ വിലയിരുത്തുന്നു.
Key Words : North Rhine-Westphalia, Germany, Wild Fire

COMMENTS