ന്യൂഡൽഹി: സിജെപി മാർച്ചിൽ പങ്കെടുത്ത വിദ്യാർത്ഥിക്ക് പെല്ലറ്റ് ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ സംഭവത്തിൽ ഡൽഹി പോലീസ് കേസെടുത്തു. ലോക്സഭ പ്...
ന്യൂഡൽഹി: സിജെപി മാർച്ചിൽ പങ്കെടുത്ത വിദ്യാർത്ഥിക്ക് പെല്ലറ്റ് ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ സംഭവത്തിൽ ഡൽഹി പോലീസ് കേസെടുത്തു. ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷന് മുന്നിൽ നടത്തിയ മണിക്കൂറുകൾ നീണ്ട നാടകീയ പ്രതിഷേധത്തിനൊടുവിലാണ് പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ തയ്യാറായത്. കോൺഗ്രസ് നേതാക്കളായ പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാൽ എന്നിവരും രാഹുലിനൊപ്പം പ്രതിഷേധത്തിൽ പങ്കെടുത്തു.
കഴിഞ്ഞ ജൂലൈ 20-ന് നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ജന്തർ മന്തറിൽ നടന്ന മാർച്ചിലാണ് സാഹിൽ ലോചവ് എന്ന വിദ്യാർത്ഥിക്ക് പരുക്കേറ്റത്. സുരക്ഷാസേന നടത്തിയ പെല്ലറ്റ് ആക്രമണത്തിൽ സാഹിലിന്റെ ഒരു കണ്ണിന്റെ കാഴ്ച പൂർണ്ണമായും നഷ്ടപ്പെട്ടതായും വയറ്റിൽ പരുക്കേറ്റതായും കോൺഗ്രസ് ആരോപിച്ചു.
ഓഗസ്റ്റ് 14-ന് വിദ്യാർത്ഥി പരാതി നൽകിയിട്ടും കേസെടുക്കാൻ പോലീസ് കൂട്ടാക്കിയിരുന്നില്ല.ഇതിനെത്തുടർന്നാണ് പരുക്കേറ്റ വിദ്യാർത്ഥിയുമായി രാഹുൽ ഗാന്ധി നേരിട്ട് പോലീസ് സ്റ്റേഷനിലെത്തിയത്. ആദ്യം മന്ദിർ മാർഗ് സ്റ്റേഷനിലും പിന്നീട് പാർലമെന്റ് സ്ട്രീറ്റിലെ ഡിസിപി ഓഫീസിലും എത്തിയെങ്കിലും പോലീസ് നടപടി വൈകിപ്പിച്ചു. ഇതോടെ രാഹുൽ ഗാന്ധിയും മറ്റ് നേതാക്കളും ഡിസിപി ഓഫീസിന് പുറത്ത് കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു.ആദ്യം പെല്ലറ്റ് ആക്രമണം നിഷേധിച്ച പോലീസ്, പ്രതിഷേധം ശക്തമായതോടെയാണ് കേസ് രജിസ്റ്റർ ചെയ്തത്. സംഭവത്തെക്കുറിച്ച് പ്രത്യേക അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു.
Key Words : Pellet Attack, Rahul Gandhi, FIR

COMMENTS