കൊച്ചി: ക്വിസ് മത്സരത്തിൽ വി.ഡി. സവർക്കറെക്കുറിച്ചുള്ള ചോദ്യം ഉൾപ്പെടുത്തിയതിന് അധ്യാപകനെ സസ്‌പെൻഡ് ചെയ്ത സർക്കാർ നടപടി ഉടൻ സ്റ്റേ ചെയ്യാൻ ക...
കൊച്ചി: ക്വിസ് മത്സരത്തിൽ വി.ഡി. സവർക്കറെക്കുറിച്ചുള്ള ചോദ്യം ഉൾപ്പെടുത്തിയതിന് അധ്യാപകനെ സസ്‌പെൻഡ് ചെയ്ത സർക്കാർ നടപടി ഉടൻ സ്റ്റേ ചെയ്യാൻ കേരള ഹൈക്കോടതി വിസമ്മതിച്ചു. എന്നാൽ, ഇത്തരമൊരു ചോദ്യം തയാറാക്കിയതിന്റെ പേരിൽ മാത്രം അധ്യാപകനെ സസ്‌പെൻഡ് ചെയ്യേണ്ടതുണ്ടോ എന്ന് വ്യക്തമാക്കാനും, സസ്പെൻഷന്റെ കൃത്യമായ കാരണം ബോധിപ്പിക്കാനും സംസ്ഥാന സർക്കാരിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കാസർകോട് പള്ളത്തടുക്ക എ.യു.പി സ്‌കൂൾ അധ്യാപകനായ ഗുരുപ്രസാദ് റായ് നൽകിയ ഹരജിയിലാണ് ജസ്റ്റിസ് വിജു എബ്രഹാമിന്റെ ഉത്തരവ്.
വീഴ്ചകളുണ്ടെങ്കിൽ അധ്യാപകനെ സസ്‌പെൻഡ് ചെയ്യാൻ സർക്കാരിന് അധികാരമുണ്ടെന്ന് കോടതി പ്രാഥമികമായി ചൂണ്ടിക്കാട്ടി. എങ്കിലും, ഒരു ചോദ്യം തെറ്റായി നൽകി എന്നതിന്റെ പേരിൽ മാത്രം സസ്പെൻഷൻ ആവശ്യമുണ്ടോയെന്നും, അച്ചടക്ക നടപടികളിലേക്ക് കടന്നാൽ പോരായിരുന്നോ എന്നും കോടതി ചോദിച്ചു. "അധ്യാപകൻ ചെയ്ത നിയമവിരുദ്ധമായ കൃത്യം എന്താണ്?" എന്നും കോടതി ആരാഞ്ഞു. അധ്യാപകനെ സസ്‌പെൻഡ് ചെയ്തതിന്റെ കൃത്യമായ കാരണം എന്താണെന്ന് വിശദീകരിക്കാൻ സർക്കാരിന് കോടതി നിർദേശം നൽകി. ഹരജി കൂടുതൽ വാദം കേൾക്കുന്നതിനായി അടുത്ത തിങ്കളാഴ്ചത്തേക്ക് മാറ്റി.
ഓഗസ്റ്റ് 6-ന് കാസർകോട് ജില്ലയിലെ സ്കൂളുകളിൽ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന 'ഫ്രീഡം ക്വിസ്' മത്സരത്തിലാണ് വിവാദ ചോദ്യം ഉണ്ടായത്. "ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കൂടുതൽ ശിക്ഷ ഏറ്റുവാങ്ങിയ സ്വാതന്ത്ര്യസമര സേനാനി ആര്?" എന്ന ചോദ്യത്തിന്റെ ഉത്തരസൂചികയായി നൽകിയിരുന്നത് വി.ഡി. സവർക്കർ എന്നായിരുന്നു. ഈ ചോദ്യം ചരിത്രത്തെ തെറ്റായി ചിത്രീകരിക്കുന്നതാണെന്ന് ആരോപിച്ച് വ്യാപകമായ പ്രതിഷേധം ഉയർന്നു.
തുടർന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തിയ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അധ്യാപകനെ സസ്‌പെൻഡ് ചെയ്തത്. എന്നാൽ തന്റെ സസ്പെൻഷൻ രാഷ്ട്രീയ പ്രേരിതമാണെന്നും ചരിത്രരേഖകളുടെ അടിസ്ഥാനത്തിലാണ് ചോദ്യം തയ്യാറാക്കിയതെന്നും കാണിച്ച് അധ്യാപകൻ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
Key Words : Savarkar Question Controversy, High Court

COMMENTS