ദുബായ്: പ്രവാസി മലയാളികൾ ഉൾപ്പെടെയുള്ള ദുബായിലെ ലക്ഷക്കണക്കിന് താമസക്കാർക്ക് വലിയ സാമ്പത്തിക ആശ്വാസമേകുന്ന പുതിയ വാടക പരിഷ്കരണ പദ്ധതി അടുത്...
ദുബായ്: പ്രവാസി മലയാളികൾ ഉൾപ്പെടെയുള്ള ദുബായിലെ ലക്ഷക്കണക്കിന് താമസക്കാർക്ക് വലിയ സാമ്പത്തിക ആശ്വാസമേകുന്ന പുതിയ വാടക പരിഷ്കരണ പദ്ധതി അടുത്ത മാസം മുതൽ പ്രാബല്യത്തിൽ വരുന്നു. ദുബായ് ലാൻഡ് ഡിപ്പാർട്ട്‌മെന്റ് പ്രഖ്യാപിച്ച ‘റെന്റ് നൗ, പേ ലേറ്റർ’ ഡിജിറ്റൽ സംവിധാനമാണ് സെപ്റ്റംബർ മുതൽ നടപ്പിലാകുന്നത്. പ്രമുഖ പ്രാദേശിക ബാങ്കുകളുമായി സഹകരിച്ചാണ് ഈ പദ്ധതി ഒരുക്കുന്നത്.
വർഷാവർഷം വലിയ തുകയുടെ ചെക്കുകൾ ഒരുമിച്ച് നൽകേണ്ടി വരുന്ന നിലവിലെ രീതിക്ക് പകരമായാണ് പുതിയ സംവിധാനം വരുന്നത്. ഇതനുസരിച്ച് വാടകക്കാരൻ തിരഞ്ഞെടുക്കുന്ന വീടിന്റെ ഒരു വർഷത്തെ മുഴുവൻ തുകയും പങ്കാളിയായ ബാങ്ക് വീട്ടുടമസ്ഥന് മുൻകൂറായി നൽകും. തുടർന്ന് ഈ തുക പലിശയില്ലാതെ 12 മാസത്തെ തുല്യ പ്രതിമാസ തവണകളായി ബാങ്കിലേക്ക് തിരിച്ചടക്കാൻ വാടകക്കാരന് സാധിക്കും.വർഷാരംഭത്തിൽ വലിയ തുക ചെക്കുകളായി നൽകേണ്ടി വരുന്നത് പ്രവാസി കുടുംബങ്ങളുടെ ബജറ്റിനെ വലിയ രീതിയിൽ ബാധിക്കാറുണ്ടായിരുന്നു.
പുതിയ പദ്ധതി വരുന്നതോടെ മാസശമ്പളത്തിൽ നിന്ന് കൃത്യമായ തുക വാടകയ്ക്കായി മാറ്റിവെക്കാൻ താമസക്കാർക്ക് സാധിക്കും. വാടക തുക ഒന്നിച്ച് ലഭിക്കുമെന്നതിനാൽ വീട്ടുടമസ്ഥർക്കും ഈ പദ്ധതി ഏറെ പ്രയോജനകരമാണ്.
പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനവും, അപേക്ഷിക്കാനുള്ള യോഗ്യത മാനദണ്ഡങ്ങളും വരും ദിവസങ്ങളിൽ ദുബായ് ലാൻഡ് ഡിപ്പാർട്ട്‌മെന്റ് വ്യക്തമാക്കും. പലിശ ഈടാക്കില്ലെങ്കിലും പ്രൊസസിങ് ഫീസോ മറ്റ് സർവീസ് ചാർജുകളോ ഉണ്ടാകുമോ എന്ന കാര്യത്തിലും ഉടൻ തീരുമാനമുണ്ടാകും. ദുബായിൽ നേരത്തെ പ്രഖ്യാപിച്ച 'ഫ്ലെക്സി റെന്റ്' പദ്ധതിയുടെ തുടർച്ചയായാണ് ഈ പുതിയ പരിഷ്കാരം വരുന്നത്.
Key Words : Pravasi, Rent, Dubai

COMMENTS