കൊൽക്കത്ത: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന മെഡിക്കൽ വിദ്യാർഥിനിയുടെ പരാതിയിൽ ഇന്ത്യൻ ക്രിക്കറ്റ് താരവും ഐപിഎൽ കളിക്കാരനുമായ അഭിഷേക് പൊ...
കൊൽക്കത്ത: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന മെഡിക്കൽ വിദ്യാർഥിനിയുടെ പരാതിയിൽ ഇന്ത്യൻ ക്രിക്കറ്റ് താരവും ഐപിഎൽ കളിക്കാരനുമായ അഭിഷേക് പൊറേൽ അറസ്റ്റിൽ. കൊൽക്കത്തയിലെ ഡും ഡുമിൽ നിന്ന് ഹൂഗ്ലി മഗ്ര പോലീസാണ് താരത്തെ കസ്റ്റഡിയിലെടുത്തത്. കേസിൽ നടപടിയെടുക്കാൻ കൊൽക്കത്ത ഹൈക്കോടതിയുടെ കർശന നിർദ്ദേശമുണ്ടായിരുന്നു.കർണാടകയിൽ നിന്നുള്ള മൂന്നാം വർഷ മെഡിക്കൽ വിദ്യാർഥിനിയാണ് ജൂൺ 23-ന് അഭിഷേകിനെതിരെ പരാതി നൽകിയത്.
താനുമായി മൂന്നര വർഷത്തെ പ്രണയബന്ധത്തിലായിരുന്ന താരം, വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. ഡൽഹിയിൽ വെച്ച് തന്നെ പൂട്ടിയിടുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തതായും, സ്വകാര്യ ചിത്രങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി ആരോപിക്കുന്നു.
ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 69 (വിവാഹ വാഗ്ദാനം നൽകിയുള്ള ലൈംഗിക ചൂഷണം), ഐടി ആക്ട് എന്നിവ പ്രകാരമാണ് താരത്തിനെതിരെ കേസെടുത്തിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ അഭിഷേകിന്റെ ജാമ്യാപേക്ഷ തള്ളിയ ചിൻസുര ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ഇയാളെ മൂന്ന് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു.
അതേസമയം, തനിക്കെതിരെയുള്ള ആരോപണങ്ങൾ വ്യാജമാണെന്നും ഗൂഢാലോചനയുടെ ഭാഗമാണെന്നുമാണ് അഭിഷേക് പൊറേലിന്റെ പ്രതികരണം. ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസ് ടീമിന്റെ വിക്കറ്റ് കീപ്പർ ബാറ്ററാണ് അഭിഷേക്.
Key Words : Medical Student Rape Case, Cricketer Abhishek Porel

COMMENTS