തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളിലെ തടവുകാരുടെ ഭക്ഷണക്രമത്തിൽ വലിയ മാറ്റങ്ങൾ വരുത്താൻ ജയിൽ വകുപ്പ് ഒരുങ്ങുന്നു. നിലവിൽ മെനുവിലുള്ള മട്ടൻ (...
തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളിലെ തടവുകാരുടെ ഭക്ഷണക്രമത്തിൽ വലിയ മാറ്റങ്ങൾ വരുത്താൻ ജയിൽ വകുപ്പ് ഒരുങ്ങുന്നു. നിലവിൽ മെനുവിലുള്ള മട്ടൻ (ആട്ടിറച്ചി) പൂർണ്ണമായും ഒഴിവാക്കി പകരം ചിക്കനും മുട്ടയും ഉൾപ്പെടുത്താനാണ് പുതിയ ആലോചന. ജയിൽ ഡിജിപി എസ്. ശ്രീജിത്താണ് ഇത് സംബന്ധിച്ച വിവരങ്ങൾ വ്യക്തമാക്കിയത്.മട്ടൻ പോലുള്ള റെഡ് മീറ്റുകൾ തടവുകാരിൽ ഗുരുതരമായ ജീവിതശൈലീ രോഗങ്ങൾക്കും മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
കൂടാതെ മട്ടന്റെ ഉയർന്ന വില സർക്കാരിന് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നതായും വിലയിരുത്തപ്പെടുന്നു. നിലവിൽ പ്രതിദിനം 100 ഗ്രാം മട്ടനാണ് തടവുകാർക്ക് നൽകുന്നത്. ഇതിന് പകരമായി ശരീരത്തിന് ആവശ്യമായ പ്രോട്ടീൻ ഉറപ്പാക്കാൻ ചിക്കനും മുട്ടയും മെനുവിൽ ഉൾപ്പെടുത്താനാണ് ശുപാർശ. ദുർമേദസ്സ് ഉണ്ടാക്കുന്ന മറ്റ് ഭക്ഷണപദാർത്ഥങ്ങളും ഒഴിവാക്കും.
ഭക്ഷണ പരിഷ്കാരത്തിന് പുറമെ, ജയിലുകളുടെ പേര് വിദേശരാജ്യങ്ങളിലെ മാതൃകയിൽ 'കറക്ഷൻ ഹോം' എന്ന് പുനർനാമകരണം ചെയ്യാനും നിയന്ത്രണങ്ങൾക്കായി കൂടുതൽ ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിക്കാനും ജയിൽ വകുപ്പ് ലക്ഷ്യമിടുന്നുണ്ട്. ഇത് സംബന്ധിച്ച് വിശദമായ പഠന റിപ്പോർട്ട് ഉടൻ തന്നെ സർക്കാരിന് സമർപ്പിക്കും. സർക്കാരിന്റെ അന്തിമ അനുമതി ലഭിച്ച ശേഷമായിരിക്കും പുതിയ മാറ്റങ്ങൾ ജയിലുകളിൽ നടപ്പിലാക്കുക.
Key Words : M,utton, Jail Food Menu

COMMENTS