കോഴിക്കോട്: മുൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ ടി. വീണ പങ്കാളിയായ ‘ലേക്കർ ഇന്ത്യ കോർപ്’ കടലാസ് കമ്പനിയല്ലെന്നും ആവശ്യമായ എല്ലാ നിയമപരമാ...
കോഴിക്കോട്: മുൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ ടി. വീണ പങ്കാളിയായ ‘ലേക്കർ ഇന്ത്യ കോർപ്’ കടലാസ് കമ്പനിയല്ലെന്നും ആവശ്യമായ എല്ലാ നിയമപരമായ അംഗീകാരങ്ങളും ലൈസൻസുകളും ഉള്ള സ്ഥാപനമാണെന്നും കമ്പനി പങ്കാളി ഡോ. അനീസ് അറയ്ക്കൽ. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചാണ് കോഴിക്കോട് പന്തീരാങ്കാവ് കേന്ദ്രീകരിച്ച് ഈ സ്ഥാപനം പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
കമ്പനിക്ക് നിലവിൽ ജിഎസ്ടി രജിസ്ട്രേഷൻ, എംഎസ്എംഇ/ഉദ്യം രജിസ്ട്രേഷൻ, ഡ്രഗ് കൺട്രോൾ ഡിപ്പാർട്ട്മെന്റിന്റെ ഹോൾസെയിൽ ഫാർമസി ലൈസൻസ് എന്നിവയുണ്ട്. ഒളവണ്ണ ഗ്രാമപഞ്ചായത്തിൽ ലൈസൻസിനായി നൽകിയ അപേക്ഷയിൽ ചില സാങ്കേതിക തിരുത്തലുകൾ മാത്രമാണ് ആവശ്യമായി വന്നത്. ഇത് പരിഹരിച്ച് അപേക്ഷ വീണ്ടും സമർപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. കമ്പനി തികച്ചും സുതാര്യമായാണ് മുന്നോട്ട് പോകുന്നതെന്നും വ്യാജപ്രചാരണങ്ങൾ വസ്തുതാപരമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വീണയുടെ ഐടി കമ്പനിയായ എക്സാലോജിക്കുമായി ബന്ധപ്പെട്ട കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിനിടയിലാണ് 'ലേക്കർ ഇന്ത്യ കോർപ്' എന്ന സ്ഥാപനത്തിന്റെ വിവരങ്ങൾ പുറത്തുവരുന്നത്. കോഴിക്കോട്ടെ ഒരു കെട്ടിടത്തിലെ ഒറ്റമുറിയിൽ പ്രവർത്തിക്കുന്ന സ്ഥാപനം തുടർച്ചയായി തുറക്കാത്തതും, പേര് വെള്ളക്കടലാസിൽ പ്രിന്റ് ചെയ്ത് പതിപ്പിച്ചതുമാണ് ഇത് കടലാസ് കമ്പനിയാണെന്ന ആരോപണങ്ങൾക്ക് വഴിതെളിച്ചത്. ഇതിനെതിരെയാണ് ഇപ്പോൾ വിശദീകരണവുമായി പങ്കാളി രംഗത്തെത്തിയിരിക്കുന്നത്.
Key Words : Laker India Corp, Paper Company; Veena Vijayan

COMMENTS