ആലപ്പുഴ: വന്ദേഭാരത് ട്രെയിനുകളോട് കിടപിടിക്കുന്ന അത്യാധുനിക സൗകര്യങ്ങളുമായി കെഎസ്ആർടിസിയുടെ പ്രീമിയം ആഡംബര ബസുകൾ ഓടിത്തുടങ്ങുന്നു. 'എക...
ആലപ്പുഴ: വന്ദേഭാരത് ട്രെയിനുകളോട് കിടപിടിക്കുന്ന അത്യാധുനിക സൗകര്യങ്ങളുമായി കെഎസ്ആർടിസിയുടെ പ്രീമിയം ആഡംബര ബസുകൾ ഓടിത്തുടങ്ങുന്നു. 'എക്‌സിക്യൂട്ടീവ് ക്ലാസ്' എന്ന് പേരിട്ടിരിക്കുന്ന ഈ പുതിയ സർവീസ് വരുന്ന ഞായറാഴ്ച (ഓഗസ്റ്റ് 16) മുതൽ പൊതുജനങ്ങൾക്ക് ലഭ്യമാകും. ആദ്യ ഘട്ടത്തിൽ ആലപ്പുഴയിൽ നിന്നും ബെംഗളൂരുവിലേക്കാണ് സർവീസ് നടത്തുക. ഞായറാഴ്ച വൈകുന്നേരം 5.30-ന് ആലപ്പുഴയിൽ വെച്ച് കെ.സി. വേണുഗോപാൽ എം.പി പുതിയ ബസ് ഫ്ലാഗ് ഓഫ് ചെയ്യും.
വിമാനയാത്രയ്ക്ക് സമാനമായ ആഡംബര സൗകര്യങ്ങളാണ് ഈ ബസുകളിൽ ഒരുക്കിയിട്ടുള്ളത്. ബസിനുള്ളിൽ തന്നെ സജ്ജീകരിച്ചിട്ടുള്ള ആധുനിക ശുചിമുറിയാണ് ഇതിൽ ഏറ്റവും പ്രധാനം. കൂടാതെ ചായ, കാപ്പി, ലഘുഭക്ഷണങ്ങൾ എന്നിവ ലഭ്യമാകുന്ന ഇൻ-ബിൽറ്റ് പാൻട്രിയും കഫെറ്റീരിയയും ബസിലുണ്ടാകും. യാത്രക്കാർക്ക് വിനോദത്തിനായി ഓരോ സീറ്റിലും വ്യക്തിഗത ടിവി സ്ക്രീനുകൾ, ഹൈ-സ്പീഡ് വൈ-ഫൈ, മൊബൈൽ ചാർജിങ് പോർട്ടുകൾ എന്നിവയും ക്രമീകരിച്ചിട്ടുണ്ട്.
യാത്രക്കാരുടെ സുഖസൗകര്യങ്ങൾക്ക് മുൻഗണന നൽകി സീറ്റുകളുടെ എണ്ണം 35 ആയി പരിമിതപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ ലെഗ്‌റൂം ലഭിക്കുന്ന തരത്തിലുള്ള പുഷ്ബാക്ക് ലെതർ സീറ്റുകളാണ് ഇതിലുള്ളത്. വരും ദിവസങ്ങളിൽ തിരുവനന്തപുരം - എറണാകുളം റൂട്ടിലും എക്സിക്യൂട്ടീവ് ക്ലാസ് സർവീസ് ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.'എന്റെ കെഎസ്ആർടിസി നിയോ ഒപിആർഎസ്' വെബ്‌സൈറ്റ്, മൊബൈൽ ആപ്പ് എന്നിവ വഴിയും ഔദ്യോഗിക വാട്‌സ്ആപ്പ് നമ്പർ വഴിയും യാത്രക്കാർക്ക് ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്.
Key Words: KSRTC, Vande Bharat

COMMENTS