വാഷിങ്ടൺ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഏറ്റവും ഇളയ മകൻ ബാരൻ ട്രംപിന്റെ (20) ജീവന് ഭീഷണിയുയർത്തുന്ന തരത്തിലുള്ള വിഡിയോ ഇറാൻ ഔദ്യോഗിക മ...
വാഷിങ്ടൺ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഏറ്റവും ഇളയ മകൻ ബാരൻ ട്രംപിന്റെ (20) ജീവന് ഭീഷണിയുയർത്തുന്ന തരത്തിലുള്ള വിഡിയോ ഇറാൻ ഔദ്യോഗിക മാധ്യമം സംപ്രേക്ഷണം ചെയ്തതായി യുഎസ് രഹസ്യാന്വേഷണ വിഭാഗമായ സീക്രട്ട് സർവീസ് സ്ഥിരീകരിച്ചു. 'ബാരൻ ട്രംപിനെ എവിടെ വെച്ച് കൊല്ലണം?' എന്ന തലക്കെട്ടോടെ ഇറാൻ ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് കോർപ്സുമായി (IRGC) ബന്ധമുള്ള മാധ്യമങ്ങളാണ് മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള വിഡിയോ പുറത്തുവിട്ടത്.
ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിലെ ബാരന്റെ സ്റ്റുഡന്റ് ഡോർമിറ്ററി ഉൾപ്പെടെയുള്ള സ്ഥലങ്ങളുടെ ഡിജിറ്റൽ ചിത്രങ്ങളും, ബാരന്റെ സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ചുള്ള വിവരങ്ങളും വിഡിയോയിലുണ്ട്. ഇതിന് പുറമെ ബാരൻ ഉപയോഗിക്കുന്ന എക്സ്ബോക്സ്, ഡിസ്കോർഡ് തുടങ്ങിയ ഓൺലൈൻ അക്കൗണ്ടുകളെക്കുറിച്ചും ഇതിൽ പരാമർശിക്കുന്നു. ബാരൻ ട്രംപിനെ ലക്ഷ്യമിടുന്നവർക്ക് 10 മില്യൺ ഡോളർ (ഏകദേശം 84 കോടിയിലധികം രൂപ) പ്രതിഫലം നൽകുമെന്നും വിഡിയോയുടെ അവസാനത്തിൽ വ്യക്തമാക്കുന്നുണ്ട്.
വിഡിയോ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും തങ്ങളുടെ സംരക്ഷണയിലുള്ള വ്യക്തികൾക്ക് നേരെയുണ്ടാകുന്ന ഇത്തരം ഭീഷണികളെക്കുറിച്ച് കൃത്യമായ അന്വേഷണം നടത്തുമെന്നും സീക്രട്ട് സർവീസ് വക്താവ് നേറ്റ് ഹെറിങ് വ്യക്തമാക്കി. എന്നാൽ സുരക്ഷാ കാരണങ്ങളാൽ അന്വേഷണത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ വർഷം ഫെബ്രുവരിയിൽ യുഎസ്-ഇസ്രായേൽ സംയുക്ത വ്യോമാക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖൊമേനി കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ട്രംപിനും കുടുംബത്തിനുമെതിരെയുള്ള ഇറാന്റെ ഭീഷണികൾ വർധിച്ചത്. മുൻപ് പ്രഥമ വനിത മെലാനിയ ട്രംപിനെതിരെയും സമാനമായ രീതിയിൽ ഭീഷണികൾ ഉയർന്നിരുന്നെങ്കിലും, മകൻ ബാരൻ ട്രംപിനെ ലക്ഷ്യമിട്ട് ഇറാൻ ഔദ്യോഗിക മാധ്യമങ്ങൾ പരസ്യമായി രംഗത്തുവരുന്നത് ഇതാദ്യമായാണ്. സംഭവത്തെ തുടർന്ന് ബാരൻ ട്രംപിന്റെ സുരക്ഷ യുഎസ് ഏജൻസികൾ ശക്തമാക്കിയിട്ടുണ്ട്.
Key Words : Iran, Barron Trump

COMMENTS