ഡമാസ്കസ്: യുദ്ധക്കുറ്റങ്ങളുടെയും മനുഷ്യരാശിക്കെതിരായ ക്രൂരതകളുടെയും പേരിൽ മുൻ സിറിയൻ പ്രസിഡന്റ് ബഷാർ അൽ അസദിന് സിറിയൻ കോടതി വധശിക്ഷ വിധിച്...
ഡമാസ്കസ്: യുദ്ധക്കുറ്റങ്ങളുടെയും മനുഷ്യരാശിക്കെതിരായ ക്രൂരതകളുടെയും പേരിൽ മുൻ സിറിയൻ പ്രസിഡന്റ് ബഷാർ അൽ അസദിന് സിറിയൻ കോടതി വധശിക്ഷ വിധിച്ചു. ഡമാസ്കസിലെ ഫോർത്ത് ക്രിമിനൽ കോടതിയാണ് ഈ ചരിത്രപരമായ വിധി പുറപ്പെടുവിച്ചത്.
അസദിന്റെ അസാന്നിധ്യത്തിലാണ് കോടതി വിചാരണ പൂർത്തിയാക്കി ശിക്ഷ പ്രഖ്യാപിച്ചത്. 14 വർഷത്തോളം നീണ്ടുനിന്ന സിറിയൻ ആഭ്യന്തര യുദ്ധകാലത്ത് കുട്ടികളടക്കമുള്ള നിരപരാധികളെ ആസൂത്രിതമായി കൊലപ്പെടുത്തൽ, ക്രൂരമായ പീഡനങ്ങൾ, അനധികൃതമായി തടങ്കലിൽ വെക്കൽ, ഔദ്യോഗിക സംവിധാനങ്ങളുടെ ദുരുപയോഗം എന്നിവയിൽ അസദ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി.
ബഷാർ അൽ അസദിനൊപ്പം അദ്ദേഹത്തിന്റെ ഇളയ സഹോദരനും മുൻ സൈനിക മേധാവിയുമായ മഹർ അൽ അസദ്, മുൻ സുരക്ഷാ ഉദ്യോഗസ്ഥൻ അതീഫ് നജീബ് എന്നിവർക്കും കോടതി വധശിക്ഷ വിധിച്ചിട്ടുണ്ട്. ഇതിൽ അതീഫ് നജീബ് കോടതിയിൽ നേരിട്ട് ഹാജരായിരുന്നു. ഇവർക്കെതിരെ അന്താരാഷ്ട്ര തലത്തിൽ നടപടികൾ സ്വീകരിക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.
2024 ഡിസംബറിൽ വിമത സേന അധികാരം പിടിച്ചെടുത്തതിനെ തുടർന്ന് അസദും കുടുംബവും റഷ്യയിലേക്ക് പലായനം ചെയ്തിരുന്നു. നിലവിൽ മോസ്കോയിൽ അഭയം തേടിയിരിക്കുകയാണ് അദ്ദേഹം. അസദ് ഭരണം തകർന്നതിന് ശേഷം സിറിയയിലെ പുതിയ ഇടക്കാല ഭരണകൂടം മുൻ ഭരണാധികാരികൾക്കെതിരെ നടത്തുന്ന വിചാരണകളിലെ ആദ്യത്തെ പ്രധാന വിധിയാണിത്.
Key Words : Syria, Bashar al-Assad

COMMENTS