കാബൂൾ : അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിൽ സ്‌കൂളിന് സമീപമുണ്ടായ ഗ്രനേഡ് ആക്രമണത്തിൽ അമ്പതിലധികം വിദ്യാർത്ഥികൾക്ക് പരുക്കേറ്റു. തിങ്കളാഴ്ച വൈകു...
കാബൂൾ : അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിൽ സ്‌കൂളിന് സമീപമുണ്ടായ ഗ്രനേഡ് ആക്രമണത്തിൽ അമ്പതിലധികം വിദ്യാർത്ഥികൾക്ക് പരുക്കേറ്റു. തിങ്കളാഴ്ച വൈകുന്നേരം കാബൂളിലെ 'ദഷ്ത്-ഇ-ബർച്ചി' പ്രദേശത്തുള്ള 'ഷാം-ഇ-ഹിദായത്ത്' എന്ന സ്വകാര്യ സ്കൂളിലാണ് ദാരുണമായ സംഭവം നടന്നത്. ക്ലാസ് കഴിഞ്ഞ് വിദ്യാർത്ഥികൾ പുറത്തേക്ക് ഇറങ്ങുന്ന സമയത്തായിരുന്നു സ്ഫോടനം.
പരുക്കേറ്റ 52 കുട്ടികളെ ഉടൻ തന്നെ സമീപത്തെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇവരിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. ഹസാര വംശജർ ഭൂരിപക്ഷമുള്ള പ്രദേശത്താണ് ഈ ആക്രമണം നടന്നിട്ടുള്ളത്. സ്കൂളിന് എതിർവശത്തുള്ള ഇടവഴിയിൽ നിന്ന് അജ്ഞാതർ ഗ്രനേഡ് എറിയുകയായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ, ഒരു വിദ്യാർത്ഥിയുടെ കൈവശമിരുന്ന ഗ്രനേഡ് അബദ്ധത്തിൽ പൊട്ടിത്തെറിച്ചതാണെന്ന രീതിയിലുള്ള ദൃക്‌സാക്ഷി മൊഴികളും പുറത്തുവരുന്നുണ്ട്.
സംഭവത്തിൽ കാബൂൾ പൊലീസ് ഉന്നതതല അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുട്ടികൾക്ക് നേരെയുണ്ടായ ഈ ആക്രമണത്തെ ഐക്യരാഷ്ട്രസഭ ശക്തമായി അപലപിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. മുൻപും ഈ പ്രദേശത്ത് ഇസ്ലാമിക് സ്റ്റേറ്റ് (ISIS) സമാനമായ രീതിയിൽ ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്.
Key Words : Granade Attack, Kabul

COMMENTS