ടെഹ്‌റാൻ: ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉൽപ്പാദക രാജ്യങ്ങളിലൊന്നായ ഇറാനിൽ പെട്രോൾ, ഡീസൽ പ്രതിസന്ധി അതീവ ഗുരുതരമാകുന്നു. രാജ്യത്തെ പ്രധാന നഗരങ്...
ടെഹ്‌റാൻ: ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉൽപ്പാദക രാജ്യങ്ങളിലൊന്നായ ഇറാനിൽ പെട്രോൾ, ഡീസൽ പ്രതിസന്ധി അതീവ ഗുരുതരമാകുന്നു. രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം ഇന്ധനക്ഷാമം മൂലം ജനജീവിതം പൂർണ്ണമായും സ്തംഭിച്ച അവസ്ഥയിലാണ്. ഭൂരിഭാഗം പെട്രോൾ പമ്പുകളും അടഞ്ഞുകിടക്കുകയാണ്. നിലവിൽ പ്രവർത്തിക്കുന്ന പരിമിതമായ പമ്പുകൾക്ക് മുന്നിൽ ഇന്ധനം അടിക്കുന്നതിനായി വാഹനങ്ങളുടെ കിലോമീറ്ററുകളോളം നീണ്ട ക്യൂവാണ് ദൃശ്യമാകുന്നത്. ഇന്ധനത്തിനായി മണിക്കൂറുകളോളമാണ് ജനങ്ങൾക്ക് കാത്തുനിൽക്കേണ്ടി വരുന്നത്.
അമേരിക്ക പ്രഖ്യാപിച്ച പുതിയ കടുത്ത സാമ്പത്തിക ഉപരോധങ്ങളും തുറമുഖങ്ങളിലെ നിയന്ത്രണങ്ങളുമാണ് ഇറാന്റെ വിപണിയെ പെട്ടെന്ന് പ്രതിസന്ധിയിലാക്കിയത്. രാജ്യാന്തര ഉപരോധം കാരണം ഇന്ധന ഇറക്കുമതി പൂർണ്ണമായി തടസ്സപ്പെട്ടതോടെ രാജ്യത്ത് പ്രതിദിനം 15 ദശലക്ഷം ലിറ്റർ ഇന്ധനത്തിന്റെ കുറവാണ് അനുഭവപ്പെടുന്നത്. കൂടാതെ സമീപകാലത്തുണ്ടായ യുദ്ധക്കെടുതികളിൽ രാജ്യത്തെ പ്രധാന എണ്ണ ശുദ്ധീകരണ ശാലകൾക്കും സംഭരണ കേന്ദ്രങ്ങൾക്കും കാര്യമായ കേടുപാടുകൾ സംഭവിച്ചിരുന്നു. ഇതും ആഭ്യന്തര വിതരണ ശൃംഖലയെ തകിടം മറിച്ചു.
വരും ദിവസങ്ങളിൽ ഇന്ധനവില കുത്തനെ കൂട്ടിയേക്കുമെന്ന അഭ്യൂഹം ശക്തമായതോടെ ജനങ്ങൾ പരിഭ്രാന്തരായി വലിയ തോതിൽ ഇന്ധനം വാങ്ങി സംഭരിക്കാൻ തുടങ്ങിയത് (Panic buying) പൂഴ്ത്തിവെപ്പിന് കാരണമാവുകയും പ്രതിസന്ധി ഇരട്ടിയാക്കുകയും ചെയ്തു. സാധാരണ ഉള്ളതിനേക്കാൾ മുപ്പത് ശതമാനത്തിലധികം ആവശ്യക്കാരാണ് ഇപ്പോൾ പമ്പുകളിലേക്ക് എത്തുന്നത്.
സാഹചര്യം നിയന്ത്രണവിധേയമാക്കാൻ ഒരു വാഹനത്തിന് പരമാവധി 20 ലിറ്റർ പെട്രോൾ മാത്രമായി സർക്കാർ പരിമിതപ്പെടുത്തിയിട്ടുണ്ട്. വരും ദിവസങ്ങളിൽ വിതരണം പുനഃസ്ഥാപിക്കുമെന്ന് ഇറാന്റെ നാഷണൽ ഓയിൽ പ്രൊഡക്ഷൻ ഡിസ്ട്രിബ്യൂഷൻ കമ്പനി (NIOPDC) വ്യക്തമാക്കുന്നുണ്ടെങ്കിലും, ഉപരോധം കടുക്കുന്ന സാഹചര്യത്തിൽ വരും മാസങ്ങളിൽ രാജ്യം വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.
Key Words: Iran Petrol Pump, US - Iran War

COMMENTS