കോയമ്പത്തൂർ: ദേശീയ ഫുട്ബോൾ താരവും കോയമ്പത്തൂർ കസ്റ്റംസ് ഇൻസ്പെക്ടറുമായ അസീം കൊറളിയാടൻ (40) വാഹനാപകടത്തിൽ മരിച്ചു. വ്യാഴാഴ്ച പുലർച്ചെ കോയമ്പത...
കോയമ്പത്തൂർ: ദേശീയ ഫുട്ബോൾ താരവും കോയമ്പത്തൂർ കസ്റ്റംസ് ഇൻസ്പെക്ടറുമായ അസീം കൊറളിയാടൻ (40) വാഹനാപകടത്തിൽ മരിച്ചു. വ്യാഴാഴ്ച പുലർച്ചെ കോയമ്പത്തൂരിൽ വെച്ചായിരുന്നു അപകടം. ജോലിക്ക് പോകുന്നതിനിടെ അദ്ദേഹം സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെടുകയായിരുന്നു. മലപ്പുറം അരീക്കോട് പുത്തലം സ്വദേശിയാണ്.
സന്തോഷ് ട്രോഫിയിൽ മഹാരാഷ്ട്ര, തമിഴ്‌നാട് ടീമുകൾക്കായി ബൂട്ട് കെട്ടിയ അസീം, അണ്ടർ 21 കേരള ടീമിലും അംഗമായിരുന്നു. ഇന്ത്യയിലെ പ്രമുഖ ക്ലബ്ബുകളായ വാസ്കോ ഗോവ, സാൽഗോക്കർ, മുംബൈ എഫ്‌സി, മഹീന്ദ്ര യുണൈറ്റഡ്, ഈസ്റ്റ് ബംഗാൾ തുടങ്ങിയ ടീമുകൾക്കായി മികച്ച പ്രകടനം പുറത്തെടുത്തിട്ടുണ്ട്. ഒമ്പത് സീസണുകളിൽ ഐ ലീഗിൽ കളിച്ച അദ്ദേഹം വേഗതയേറിയ കളിശൈലിയിലൂടെയാണ് ഫുട്ബോൾ ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. ഫെഡറേഷൻ കപ്പ്, ഡ്യൂറന്റ് കപ്പ്, ഐഎഫ്എ ഷീൽഡ് തുടങ്ങിയ പ്രമുഖ ടൂർണമെന്റുകളിലും കളിച്ചിട്ടുണ്ട്.
2006-07 വർഷത്തെ ഗവർണേഴ്സ് കപ്പിൽ ടോപ് സ്കോററായിരുന്നു.നിലവിൽ കോയമ്പത്തൂർ വിമാനത്താവളത്തിൽ കസ്റ്റംസ് ഇൻസ്പെക്ടറായി ജോലി ചെയ്തു വരികയായിരുന്നു. പ്രശസ്ത ഫുട്ബോളറും കോച്ചുമായ അനീസ് കൊറളിയാടന്റെ ഇരട്ട സഹോദരനാണ്. കോയമ്പത്തൂരിലെ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന ഭൗതികദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ജന്മനാടായ അരീക്കോട്ടേക്ക് കൊണ്ടുവരും. പൊതുദർശനത്തിന് ശേഷം അരീക്കോട് മൈത്ര പള്ളി ഖബറിസ്ഥാനിൽ ഖബറടക്കം നടക്കും.
Key Words : Santosh Trophy, Aseem Koraliyadan , Car accident

COMMENTS