പത്തനംതിട്ട: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ പമ്പാ നദിയിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഓഗസ്റ്റ് 2, 3 തീയതികളിൽ ഭക്തർ ശബരിമല യാത്...
പത്തനംതിട്ട: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ പമ്പാ നദിയിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഓഗസ്റ്റ് 2, 3 തീയതികളിൽ ഭക്തർ ശബരിമല യാത്ര പൂർണ്ണമായും ഒഴിവാക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡും ജില്ലാ ഭരണകൂടവും അറിയിച്ചു. നിറപുത്തരി ചടങ്ങുകൾക്കായി ഞായറാഴ്ച ക്ഷേത്രനട തുറക്കാനിരിക്കെയാണ് സുരക്ഷ മുൻനിർത്തി അധികൃതർ കർശന മുന്നറിയിപ്പ് നൽകിയത്. പമ്പയിലെ കനത്ത വെള്ളപ്പൊക്കവും മലയോര മേഖലകളിലെ മണ്ണിടിച്ചിൽ സാധ്യതയും കണക്കിലെടുത്താണ് നിലവിൽ ഈ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
പത്തനംതിട്ട ഉൾപ്പെടെ കേരളത്തിലെ 9 ജില്ലകളിൽ തീവ്രമഴ മുന്നറിയിപ്പായ റെഡ് അലർട്ട് നിലനിൽക്കുന്നതിനാൽ വനമേഖലകൾ ഉൾപ്പെടെയുള്ള പ്രദേശങ്ങൾ അതീവ ജാഗ്രതയിലാണ്. കനത്ത മഴയെ തുടർന്ന് ഗവി ഉൾപ്പെടെയുള്ള മലയോര പാതകളിൽ യാത്രാ നിരോധനവും ഏർപ്പെടുത്തിയിട്ടുണ്ട്. ഈ ദിവസങ്ങളിൽ ദർശനം സാധ്യമാകാത്ത ഭക്തർക്ക് ചിങ്ങമാസ പൂജകൾക്കായി ഓഗസ്റ്റ് 16 മുതൽ 21 വരെയോ, ഓണം പ്രത്യേക പൂജകൾക്കായി ഓഗസ്റ്റ് 24 മുതൽ 28 വരെയോ തങ്ങളുടെ ശബരിമല യാത്ര മാറ്റിവെക്കാവുന്നതാണ്.
അടിയന്തര സാഹചര്യം നേരിടാൻ പമ്പയിലും സന്നിധാനത്തും സുരക്ഷാ സേനയെ വിന്യസിച്ചിട്ടുണ്ടെന്നും ഭക്തർ അധികൃതരുടെ നിർദേശങ്ങളോട് പൂർണ്ണമായും സഹകരിക്കണമെന്നും ദേവസ്വം ബോർഡ് അഭ്യർത്ഥിച്ചു.
Key Words : Pamba, Flood, Sabarimala

COMMENTS