അബുദാബി: യുഎഇയുടെ സ്വപ്ന പദ്ധതിയായ ഇത്തിഹാദ് റെയിലിൽ യാത്രക്കാർക്കായി കർശന സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. ട്രെയിൻ യാത്രയിൽ കൂടെ...
അബുദാബി: യുഎഇയുടെ സ്വപ്ന പദ്ധതിയായ ഇത്തിഹാദ് റെയിലിൽ യാത്രക്കാർക്കായി കർശന സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. ട്രെയിൻ യാത്രയിൽ കൂടെ കരുതാൻ പാടില്ലാത്ത നിരോധിത വസ്തുക്കളുടെയും, നിബന്ധനകളോടെ മാത്രം അനുവദനീയമായ വസ്തുക്കളുടെയും പൂർണ്ണമായ പട്ടിക അധികൃതർ പുറത്തുവിട്ടു. റോഡ് ഗതാഗതക്കുരുക്കുകളില്ലാതെ വേഗത്തിലും സുഗമമായും യാത്ര ചെയ്യാൻ കൂടുതൽ ആളുകൾ ഇത്തിഹാദ് റെയിലിനെ ആശ്രയിക്കുന്ന പശ്ചാത്തലത്തിലാണ് ഈ സുരക്ഷാ മുൻകരുതലുകൾ.
യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഇ-സ്കൂട്ടറുകൾ, സാധാരണ സൈക്കിളുകൾ എന്നിവ ട്രെയിനിലോ സ്റ്റേഷനിലോ പ്രവേശിപ്പിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി. നിയമവിരുദ്ധമായ ലഹരിവസ്തുക്കൾ, തോക്കുകൾ, കത്തികൾ ഉൾപ്പെടെയുള്ള മാരകായുധങ്ങൾ, പെട്രോൾ, പടക്കങ്ങൾ, എയറോസോൾ കാനുകൾ പോലുള്ള എളുപ്പത്തിൽ തീപിടിക്കുന്ന വസ്തുക്കൾ എന്നിവയ്ക്കും പൂർണ്ണ നിരോധനമുണ്ട്. കൂടാതെ കടുത്ത ഗന്ധമുള്ളതോ പുറത്തേക്ക് ഒഴുകിപ്പോകാൻ സാധ്യതയുള്ളതോ ആയ ഭക്ഷണസാധനങ്ങളും അനുവദിക്കില്ല.
അതേസമയം, ചില വസ്തുക്കൾ കൃത്യമായ നിബന്ധനകളോടെ അനുവദിക്കും. വളർത്തുമൃഗങ്ങളായ നായ്ക്കൾ, ഫാൽക്കണുകൾ എന്നിവയെ നിശ്ചിത വലിപ്പമുള്ള (55cm × 40cm × 23cm) പെറ്റ് കാരിയറുകളിൽ യാത്ര ചെയ്യാൻ അനുവദിക്കും. എളുപ്പത്തിൽ മടക്കി വെക്കാൻ കഴിയുന്ന ബേബി സ്ട്രോളറുകൾ, ബാറ്ററിയിലുള്ള ഇലക്ട്രിക് വീൽചെയറുകൾ, അടിയന്തര മെഡിക്കൽ ഓക്സിജൻ ടാങ്കുകൾ എന്നിവയും നിബന്ധനകൾക്ക് വിധേയമായി കൂടെക്കൂട്ടാം. ഇലക്ട്രോണിക് സിഗരറ്റുകൾ കൈവശം വെക്കുന്നതിനും നിയന്ത്രണങ്ങളുണ്ട്.
മൂന്ന് വയസ്സിന് മുകളിലുള്ള എല്ലാ യാത്രക്കാർക്കും രണ്ട് ബാഗുകൾ വരെ സൗജന്യമായി കൊണ്ടുപോകാം. അധിക ലഗേജുകൾ ഉള്ളവർ മുൻകൂട്ടി ബുക്ക് ചെയ്യണം. എല്ലാ ലഗേജുകളിലും യാത്രക്കാരുടെ വിവരങ്ങൾ അടങ്ങിയ ടാഗുകൾ നിർബന്ധമാണ്. സ്റ്റേഷനുകളിൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ കർശന പരിശോധന ഉണ്ടാകുമെന്നും, നിയമം ലംഘിക്കുന്നവർക്കെതിരെ കനത്ത പിഴയും നിയമനടപടികളും സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
Key Words : Etihad Rail Travel

COMMENTS