ന്യൂഡൽഹി: കേരളം ഉൾപ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ശേഖരിച്ച പഴം, പച്ചക്കറി സാംപിളുകളിൽ അപകടകരമായ അളവിൽ കീടനാശിനിയുടെ അവശിഷ്ടങ്ങൾ കണ്...
ന്യൂഡൽഹി: കേരളം ഉൾപ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ശേഖരിച്ച പഴം, പച്ചക്കറി സാംപിളുകളിൽ അപകടകരമായ അളവിൽ കീടനാശിനിയുടെ അവശിഷ്ടങ്ങൾ കണ്ടെത്തി. കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെ 'നാഷണൽ ലെവൽ പെസ്റ്റിസൈഡ് റെസിഡ്യൂ മോണിറ്ററിംഗ്' പദ്ധതിയുടെ ഭാഗമായി നടത്തിയ രാജ്യവ്യാപക പരിശോധനയിലാണ് ഞെട്ടിക്കുന്ന ഈ വിവരങ്ങൾ പുറത്തുവന്നത്.
വിശദമായ ലബോറട്ടറി പരിശോധനാ ഫലങ്ങൾ തുടർനടപടികൾക്കായി കേന്ദ്ര കൃഷി മന്ത്രാലയം അതാത് സംസ്ഥാന സർക്കാരുകൾക്ക് കൈമാറി.
ഭക്ഷ്യസുരക്ഷാ ഗുണനിലവാര അതോറിറ്റി അനുവദിച്ചിട്ടുള്ള പരിധിയേക്കാൾ വളരെ ഉയർന്ന അളവിലാണ് പല സാംപിളുകളിലും വിഷാംശം കണ്ടെത്തിയത്. രാജ്യത്തുടനീളം ശേഖരിച്ച സാംപിളുകളിൽ 3.1 ശതമാനത്തിലും കീടനാശിനിയുടെ സാന്നിധ്യം അനുവദനീയമായ അളവിലും കൂടുതലാണ്.
കേരളത്തിലേക്ക് പ്രധാനമായും പച്ചക്കറികൾ എത്തുന്ന തമിഴ്‌നാട്, കർണാടക, തെലങ്കാന, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള സാംപിളുകളിലും അമിത അളവിൽ വിഷാംശം കണ്ടെത്തിയിട്ടുണ്ട്. തമിഴ്‌നാട്ടിൽ നിന്ന് പരിശോധിച്ച 3,601 സാംപിളുകളിൽ 81 എണ്ണത്തിലും മാരകമായ കീടനാശിനി അവശിഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു.വിപണിയിലെ പച്ചക്കറികളിൽ വിഷാംശം കൂടിയ സാഹചര്യത്തിൽ സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങളും പരിശോധനകളും ഏർപ്പെടുത്താൻ ഭക്ഷ്യസുരക്ഷാ വകുപ്പും കൃഷി വകുപ്പും ആലോചിക്കുന്നുണ്ട്.
അതോടൊപ്പം, പൊതുജനങ്ങൾക്കിടയിൽ സ്വന്തമായി പച്ചക്കറി കൃഷി ചെയ്യുന്ന രീതിയും ജൈവകൃഷിയും കൂടുതൽ പ്രോത്സാഹിപ്പിക്കാനും സർക്കാർ നടപടികൾ സ്വീകരിക്കും. പൊതുജനങ്ങൾ വിപണിയിൽ നിന്ന് വാങ്ങുന്ന പച്ചക്കറികൾ നന്നായി കഴുകി വൃത്തിയാക്കിയ ശേഷം മാത്രമേ ഉപയോഗിക്കാവൂ എന്ന് ആരോഗ്യവിദഗ്ദ്ധരും മുന്നറിയിപ്പ് നൽകുന്നു.
Key Words : Pesticide, Fruits and Vegetables, Kerala, Union Agriculture Ministry

COMMENTS