തിരുവനന്തപുരം : ഡോ. എം ലീലാവതി രചിച്ച 'ഭാരതാലോകം' എന്ന പുസ്തകം മുഖ്യമന്ത്രി വി ഡി സതീശൻ പ്രകാശനം ചെയ്തു. തൃക്കാക്കരയിലെ ടീച്ചറുടെ വ...
തിരുവനന്തപുരം : ഡോ. എം ലീലാവതി രചിച്ച 'ഭാരതാലോകം' എന്ന പുസ്തകം മുഖ്യമന്ത്രി വി ഡി സതീശൻ പ്രകാശനം ചെയ്തു. തൃക്കാക്കരയിലെ ടീച്ചറുടെ വസതിയിൽ നടന്ന ലളിതമായ ചടങ്ങിലായിരുന്നു പുസ്തക പ്രകാശനം.
ഫിഷറീസ് വകുപ്പ് മന്ത്രി വി ഇ അബ്ദുൽ ഗഫൂർ, ഉമ തോമസ് എം എൽ എ, കളമശ്ശേരി മുനിസിപ്പൽ ചെയർപേഴ്സൺ ജമാൽ മണക്കാടൻ, സാഹിത്യ നിരൂപകൻ എൻ ഇ സുധീർ തുടങ്ങിയവർ മുഖ്യമന്ത്രിയോടൊപ്പം ചടങ്ങിൽ പങ്കെടുത്തു.
തൊണ്ണൂറ്റിയെട്ടാംവയസ്സിലും മഹാഭാരതത്തിലെ കഥാപാത്രങ്ങളെയും മുഹൂർത്തങ്ങളെയും കുറിച്ച് ഓർമ്മയിൽ നിന്ന് ഒന്നും നഷ്ടപ്പെടുത്താതെ സ്വന്തം കാഴ്ചപ്പാടിൽ ഇത്തരമൊരു രചന നിർവഹിക്കുക എന്നത് അത്യപൂർവമായ സിദ്ധിയുള്ളവർക്ക് മാത്രം സാധിക്കുന്നതാണെന്നും ഭാരതാലോകം എന്ന ടീച്ചറുടെ ഈ പുതിയ രചന പ്രകാശനം ചെയ്യാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിദ്യാർത്ഥി ആയിരിക്കുമ്പോൾ മുതൽ ടീച്ചറുടെ എഴുത്തുകൾ വായിച്ചും ഹൃദിസ്ഥമാക്കിയും കഴിഞ്ഞ ഒരു തലമുറയിൽപ്പെട്ട ആൾ എന്ന നിലയിൽ ഈ പുസ്തകം പ്രകാശനം ചെയ്യാൻ സാധിച്ചത് വലിയ ഭാഗ്യമാണ്. കഥാസാഗരമായ മഹാഭാരതത്തെ അവലംബിച്ച് ഇന്ത്യൻ ഭാഷകളിലും മലയാളത്തിലും എത്രയോ രചനകൾ ഉണ്ടായിട്ടുണ്ട്. എന്നാൽ കഥാപാത്രങ്ങളെയും മുഹൂർത്തങ്ങളെയും അപഗ്രഥിച്ചുള്ള രചനകൾ വളരെ കുറവാണ്. മലയാളത്തിൽ പി കെ ബാലകൃഷ്ണനും കുട്ടികൃഷ്ണമാരും ഇത്തരം ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. അതിൽനിന്നെല്ലാം വ്യത്യസ്തമായ ഒരു രചന ആയിരിക്കും ടീച്ചറുടെതെന്ന് ഉറപ്പാണ്. അത്രമാത്രം അതിനെക്കുറിച്ച് അഗാധമായി പഠനം നടത്തിയിട്ടുള്ള ഒരാളാണ് ടീച്ചർ എന്നും മുഖ്യമന്ത്രി പറഞ്ഞു.
മഴ പെയ്യും പോലെ കണ്ണീർ പെയ്യുന്ന ഈ കാലത്ത് കേരളത്തിന്റെ മുഖ്യമന്ത്രിക്ക് വലിയ തിരക്കുകൾ ഉള്ള സമയമാണ്. അദ്ദേഹത്തിന്റെ വിലയേറിയ സമയം അപഹരിക്കുന്നു എന്ന സങ്കടമുണ്ട് എങ്കിലും ഈ പുസ്തകം പ്രകാശനം ചെയ്യാൻ ഇവിടെ എത്തിച്ചേർന്നതിൽ അദ്ദേഹത്തോട് വലിയ നന്ദിയുണ്ടെന്ന് ലീലാവതി ടീച്ചർ പറഞ്ഞു.
ഈ പുസ്തകം എഴുതുന്നതിനു മുമ്പ് വേറൊരു പുസ്തകം എഴുതുന്നതിനായി മഹാഭാരതം വളരെ ശ്രദ്ധിച്ച് വായിച്ചിരുന്നു. അതിനാൽ ഈ പുസ്തകത്തിന്റെ എഴുത്ത് വളരെ എളുപ്പമായിരുന്നു. മഹാഭാരതത്തിൽ പറഞ്ഞിട്ടുള്ള ഏറ്റവും വലിയ ദുഃഖകരമായ കാര്യം കൈ ഉയർത്തി ഞാൻ കേഴുന്നു, കേൾക്കാൻ ആരുമില്ല എന്ന വേദവ്യാസന്റെ സങ്കടമാണ്. അത് ഇന്നും നിലനിൽക്കുകയാണ്. സ്ത്രീകളും കുട്ടികളും ഒരിക്കലും യുദ്ധവുമായി ബന്ധപ്പെട്ടവരല്ല. എന്നാൽ യുദ്ധം മൂലുള്ള നഷ്ടമെല്ലാം സ്ത്രീകൾക്കും കുട്ടികൾക്കും ആണ്. യുദ്ധം എല്ലാവരെയും എല്ലാത്തിനെയും നശിപ്പിക്കുന്നു എന്നത് വലിയ വൈപരീത്യമാണ്. വേദവ്യാസന്റെ സങ്കടത്തെ ചെറിയൊരു രൂപത്തിൽ അവതരിപ്പിക്കാൻ സാധിച്ചു എന്നത് വലിയ സന്തോഷമാണെന്നും ടീച്ചർ പറഞ്ഞു.
Key Words : Chief Minister VD Satheesan, Bharatalokam, Dr. M. Lilavati

COMMENTS