ആലപ്പുഴ: ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനവും പ്രാഥമിക അംഗത്വവും രാജിവെച്ച പ്രമുഖ നടൻ ദേവനെ പാർട്ടിയിൽ ഉറപ്പിച്ചുനിർത്താൻ ബിജെപി നേതൃത്വം...
ആലപ്പുഴ: ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനവും പ്രാഥമിക അംഗത്വവും രാജിവെച്ച പ്രമുഖ നടൻ ദേവനെ പാർട്ടിയിൽ ഉറപ്പിച്ചുനിർത്താൻ ബിജെപി നേതൃത്വം അടിയന്തര ഇടപെടൽ തുടങ്ങി. കേന്ദ്ര നേതൃത്വത്തിന്റെ കർശന നിർദേശത്തെത്തുടർന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി തിങ്കളാഴ്ച രാത്രി ദേവനെ ഫോണിൽ വിളിച്ച് സംസാരിച്ചു. പാർട്ടിയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കാമെന്ന് സുരേഷ് ഗോപി ഉറപ്പുനൽകിയെങ്കിലും, ബിജെപി വിടാനുള്ള തന്റെ തീരുമാനത്തിൽ യാതൊരു മാറ്റവുമില്ലെന്ന് ദേവൻ വ്യക്തമാക്കിയതായാണ് സൂചന.
ആലപ്പുഴ കണിച്ചുകുളങ്ങര ക്ഷേത്രത്തിൽ നടന്ന ഒരു പൊതുവേദിയിലാണ് താൻ ബിജെപി വിടുകയാണെന്ന് ദേവൻ പരസ്യമായി പ്രഖ്യാപിച്ചത്. കേരളത്തിലെ ബിജെപി നേതൃത്വത്തിൽ നിന്ന് തനിക്ക് അർഹമായ പരിഗണന ലഭിച്ചില്ലെന്ന് അദ്ദേഹം ആരോപിച്ചു. തന്നെ അറിയിക്കാതെയാണ് വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റിയതെന്നും, സംസ്ഥാനത്തെ പാർട്ടിയുടെ ഇപ്പോഴത്തെ പ്രവർത്തനങ്ങൾ ശ്രീനാരായണ ഗുരുവിന്റെ ദർശനങ്ങൾക്ക് വിരുദ്ധമാണെന്നും ദേവൻ കുറ്റപ്പെടുത്തി.
താൻ സുരേഷ് ഗോപി വഴിയല്ല ബിജെപിയിൽ എത്തിയതെന്നും, അതുകൊണ്ട് തന്നെ കേന്ദ്ര നേതൃത്വം ഇടപെട്ടാലും ഇനി പാർട്ടിയിലേക്ക് മടങ്ങില്ലെന്നുമാണ് ദേവന്റെ നിലപാട്. മുൻപ് താൻ രൂപീകരിച്ച 'കേരള പീപ്പിൾസ് പാർട്ടി' പുനരുജ്ജീവിപ്പിച്ചു രാഷ്ട്രീയത്തിൽ സജീവമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
key words : BJP, Actor Devan, Suresh Gopi

COMMENTS